പാലായനന്‍
കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിളയാണല്ലൊ, "വരമൊഴിപ്പാരമ്പര്യ'ത്തില്‍ പാലാക്കാരുടെ മുത്തച്ഛന്‍. അങ്ങേരെപ്പോലെ പദ്യങ്ങള്‍ കുത്തിക്കുറിക്കുന്നവര്‍ ഇന്നും പാലായില്‍ ധാരാളമുണ്ട്. ഈയിടെ ദിവംഗതനായ പാലാ നാരായണന്‍ നായരെ കേരളം വളര്‍ന്നുകൊണ്ടേയിരിക്കുന്നതിനാല്‍ ആരും അങ്ങനെയങ്ങു മറക്കാനിടയില്ലല്ലോ. കേരളം വളരുന്നു എന്ന് അദ്ദേഹം എഴുതുമ്പോള്‍ പാലായ്ക്കടുത്തുള്ള "കുളങ്ങര'യില്‍നിന്ന് ബഹിരാകാശത്തേക്ക് തന്റെ ക്യാമറയുമായി പറക്കാന്‍ ഇന്നു പരിശീലിച്ചുകൊണ്ടിരിക്കുന്ന സന്തോഷവാന്‍ ജനിച്ചിരുന്നുപോലുമില്ല. കേരളമെന്ന ഈ മണ്ണ് ഒലിച്ചുപോയാലും മലയാളി ചന്ദ്രനില്‍ ഒരു ചായക്കടയുമായി ഉണ്ടാവില്ലെന്നു കരുതാന്‍ ഇനിയും ആര്‍ക്കു കഴിയും? കേരളത്തെയും കേരളത്തിലെ പ്രബുദ്ധ രാഷ്ടീയ ബുദ്ധിജീവികളെയും കാണുമ്പോള്‍ തുള്ളല്‍ വരാറുള്ള ഒരുത്തനാ
ണു ഞാന്‍. കഴിഞ്ഞ കൊല്ലം തുള്ളിപ്പോയത് കുഞ്ചന്‍നമ്പ്യാരെപ്പോലെ ഓട്ടന്‍ വൃത്തത്തിനുള്ളിലായിരുന്നു. ഒരുകൊല്ലം കഴിഞ്ഞ് ഈ ഓണത്തിന് അവ വീണ്ടും ഒന്നു വായിച്ചുനോക്കിയപ്പോഴാണു അവയിലുള്ളത് പരാക്രമമല്ലല്ലോ അന്ന് എന്നെ ആവേശിച്ച നാരദബാധ മൂലം ഞാന്‍ നടത്തിയ അപരാക്രമമാണമാണല്ലോ എന്ന് എനിക്കുതന്നെ തോന്നിയത്. അവ മറുനാട്ടിലെത്തിക്കാനുള്ള കുറുക്കുവഴി ബ്ലോഗനമാണെന്ന് ഈയിടെ കേള്‍ക്കാനിടയായി. ബ്ലോഗ് എന്തുപേരില്‍ വേണമെന്നു ചിന്തിച്ചപ്പോള്‍ കിട്ടിയ
പേരാണു
പാലായനന്‍. എവിടെയെല്ലാം പോയാലും ഒടുവില്‍ പാലായില്‍ത്തന്നെ തിരിച്ചെത്താറുള്ള ഒരുത്തന്‍ എന്നനിലയില്‍ ഈ പേരില്‍ എന്റെ അനുഭവവും സ്വഭാവവും ഉണ്ട്. ഈ പേരിനുവേണ്ടി ഇതേസ്വഭാവമുള്ള ആര്‍ക്കും സൈബര്‍ സ്‌പേസില്‍ കേസിനു വരാം.ഉത്തരത്തിലേക്കുള്ള അയനം ഉത്തരായനമായിരിക്കുന്നതുപോലെ പാലായിലേക്കുള്ള അയനമാ ണു പാലായനം. ഉത്തരായനത്തിലെ ഉത്തരം ഉത്തരദിക്കോ മറുപടിയോ ആണെന്നു കരുതുന്നത് ഉത്തരം താങ്ങുന്ന പല്ലിയുടെ മാനംകെടുത്തുന്ന കാര്യമാണ്. പാലാ എന്നു പറയുമ്പോള്‍ പാലാണെന്നോ പാലയാണെന്നോ ധരിച്ചാല്‍ പാലായനന്റെ മാനവും കെടും. മാനം മാനം എന്നു പറയുമ്പോള്‍ ആകാശമെന്നാണു കേട്ടോ മാനാപമാന സമ മാനസനായ പാലായനന്‍ മനസ്സിലാക്കാറുള്ളത്.വായിക്കുമ്പോഴേ അര്‍ഥം മനസ്സിലാക്കാനാവുന്ന ഒന്നല്ല മലയാളം എന്ന മുന്നറിയിപ്പു നല്കാനാണ് ഇത്രയും എഴുതിയത്. എഴുതുന്നപോലെതന്നെ വായിക്കാനാവുന്ന ഒന്നാണ് മലയാളമെന്നും മിക്കവര്‍ക്കും ഒരു തെറ്റിദ്ധാരണയുണ്ട്. അതും ശരിയല്ല. ആദ്യം ഇതിന് എന്റെ മനസ്സിലുണ്ടായ തലക്കെട്ട് (പാലാക്കാര്‍ ഇതിന് തലേക്കെട്ട് എന്നാ പറയാറ്്) "എന്നാ പറയാനാ' എന്നായിരുന്നു. "എന്നാ പറയാനാ'ന്നെഴുതിയാല്‍ അതിലെ "ഇന്നാ', പന്നീടെ "ഇന്നാ'യാണ് എന്നു കരുതുന്നവരാണു ഭൂരിപക്ഷം മലയാളികളും എന്നും "പാലാമലയാള'ത്തില്‍ സുലഭമായി ഉപയോഗിക്കുന്ന "നാ' നമ്മളുടേതല്ല ആനയുടേതും പനയുടേതും ഒക്കെയാണെന്നും എന്നാല്‍ പന്നീടെ "നാ' യും 'പാലാമലയാള'ത്തില്‍ ധാരാളം ഉപയോഗിക്കുന്നുണ്ട് എന്നും ഓര്‍ത്തപ്പോള്‍ എഴുത്ത് അത്രയങ്ങു ശരിയാകത്തില്ലെന്നു തോന്നി. മുപ്പതിന് നുപ്പതെന്നും അങ്ങോട്ട് എന്നതിന് നെങ്ങോട്ട് എന്നും അത് എന്നതിന് നെത് എന്നും പറയുമ്പോള്‍ പാലാക്കാര്‍ പന്നീടെ "നാ' തന്നെയാണല്ലോ, അവിടെ ഉപയോഗിക്കുന്നത്. അതുകൊണ്ട് ഇനിയും ഇത് ഒച്ചയായിത്തന്നെ അങ്ങ് കാച്ചിവിടാനാണു കരുതുന്നത്. വെളിച്ചപ്പാടു തുള്ളുമ്പോള്‍ പറയുന്ന കാര്യങ്ങളില്‍ അല്പമെങ്കിലും കാര്യമുണ്ടെന്നു വിശ്വസിക്കുന്ന ഒരു വിശ്വാസിയെയെങ്കിലും കണ്ടുകിട്ടിയാല്‍ നിരന്തരം നാരദക്കണ്ണിലൂടെ കേരളത്തെ നോക്കി പാടാന്‍ എനിക്കു കഴിഞ്ഞേക്കും എന്ന പ്രതീക്ഷ ഇപ്പോള്‍ എനിക്കുണ്ട്. ഈ പ്രതീക്ഷയോടെയാണ് കേരളം സന്ദര്‍ശിക്കാന്‍ മാവേലി 2007ല്‍ നടത്തിയ മുന്നൊരുക്കങ്ങളെപ്പറ്റിയുള്ള ഈ തുള്ളല്‍ അവതരിപ്പിക്കുന്നത്.നേരറിയുന്ന നാരദന്‍
ഈരേഴു ലോകവും ചുറ്റിക്കറങ്ങിയാ
പാതാളലോകത്തിലെത്തിയ നാരദന്‍
രണ്ടായിരത്തെട്ടു ചിങ്ങം പിറക്കവേ
കണ്ടതു വേഷമിടുന്ന മാവേലിയെ!
ദേഹം മുഴുവന്‍ മറയ്ക്കും മഴക്കോട്ടു
മാവേലി മന്നന്‍ ധരിച്ചിരിക്കുന്നിതാ!
ഹെല്‍മറ്റുമുണ്ട;തു കയ്യിലിരിക്കയാല്‍
മാവേലിയാണെന്നു കണ്ടല്ലൊ, നാരദന്‍!!
'പ്രച്ഛന്നവേഷത്തിലെങ്ങോട്ടു പോകയാ'-
ണെന്നു ചോദിക്കവേ മാവേലി ചൊല്കയായ്:
'കേരളത്തില്‍ ചിങ്ങമെത്തവേയാണു പോല്‍
ഇക്കുറി കാലവര്‍ഷം കനത്തീടുക!
ഇങ്ങു കാലാവസ്ഥ ചൊല്ലുമുപഗ്രഹ-
വാര്‍ത്ത കേട്ടാം മഴക്കോട്ടണിഞ്ഞിന്നു ഞാന്‍!!'”
'നന്നായി, നന്നായി ചിക്കന്‍ ഗുനിയയും
കൊണ്ടു നടക്കും കൊതുകുകളില്‍നിന്നു
രക്ഷപ്പെടാനുമീ കോട്ടുകൊള്ളാം; പിഴ
കെട്ടാതെ യാത്രയ്ക്കു ഹെല്‍മറ്റുമുത്തമം!'
നാരദന്‍ ചൊന്നതിന്നര്‍ഥമെന്തെന്നറി-
ഞ്ഞീടാതെ മാവേലി ചോദിച്ചു: ''ചിക്കനോ?
കോഴിയെ കൊണ്ടുനടക്കും കൊതുകുകള്‍
കേരള നാട്ടിലുണ്ടെന്നോ? തിരിഞ്ഞീല.''
''റബ്ബര്‍ വളര്‍ന്നിടും തോട്ടങ്ങളില്‍ കൊതു-
കൊത്തിരി പെറ്റു പെരുകിടാറുണ്ടു പോല്‍!
അക്കൊതുകിങ്ങു പരത്തും പനികളി-
ങ്ങൊത്തിരി; യൊക്കെയും വൈറസിന്‍ ബാധയാം.
പാണലും പച്ചയിലയും ഫലപ്രദ-
മാണെന്നു നാട്ടുകാര്‍ ചൊന്നിടുമ്പോഴിതാ
രോഗമേ പുത്തനാ,ണാകയാലൗഷധം
കണ്ടെത്തിയിട്ടില്ലയെന്നു ചൊല്‍വു ചിലര്‍.
ആഹാരമാം രോഗകാരണമെന്നുമീ-
രോഗങ്ങളില്‍ മരുന്നെന്നും മൊഴിയുകില്‍
കേള്‍ക്കാന്‍ ചെവികളിങ്ങാര്‍ക്കുമില്ലാത്തതാം
നാടാണു കേരളമെന്നു കണ്ടല്ലൊ ,ഞാന്‍!
രോഗമേയില്ലാത്ത മൂന്നാം സഹസ്രാബ്ദ-
മാണിതു; രോഗങ്ങളേറിയീ വേളയില്‍.
മാസങ്ങളായി പണിയെടുത്തീടുവാന്‍
ചട്ടാതെയൊന്നു നടക്കുവാന്‍പോലുമേ
വയ്യാതെ കുത്തിയിരിക്കയാം കേരള-
നാട്ടിലെല്ലാവരും; കഷ്ടമാണോര്‍ക്കുകില്‍!
രോഗാണുയുദ്ധപ്പരീക്ഷണത്തിന്‍ഫല-
മാണിതെന്നും ചിലര്‍ ചൊന്നിടുന്നുണ്ടു; ഞാന്‍
നേരറിയാത്തവനാണെങ്കിലും നുണ-
യ്ക്കുള്ളിലും നേരുകളുണ്ടെന്നറിയുവോന്‍!”
'സത്യമെന്തെന്നറിഞ്ഞീടുവാന്‍ പോകയാ-
ണെന്താകിലും ഞാന്‍' മൊഴിഞ്ഞൂ മഹാബലി:
'ഞാനണിഞ്ഞീടുമീ വേഷങ്ങള്‍ ചേരുമോ?
നേരു മറയ്ക്കുവാന്‍ നീ തുണയേകുക!'”
ദേവതന്ത്ര പുരോഗതി
കേരളം കാണുവാന്‍ മാവേലിമന്നന്റെ
കൂടെ വേഷംമാറി നാരദശ്രേഷ്ഠനും.
ടൂറിസ്റ്റു, ടൂറിസ്റ്റുഗൈഡിന്റെകൂടെയെ-
ന്നോണമാം മാവേലി യാത്രയാകുന്നിതാ!
മാവേലി ചൊല്ലുന്നു: 'കേരളം വാഴുന്ന
മുഖ്യനെന്നെപ്പോലെ എന്നു കാണുന്നു ഞാന്‍.
ശുദ്ധനില്‍ ശുദ്ധനാം ദുഷ്ടരില്‍ ദുഷ്ടന്റെ
കര്‍മഫലങ്ങള്‍ വരുത്തിവയ്ക്കുന്നവന്‍.
എന്നെയും കേരളനാടിനെയും കണ്ടു
ചൊല്ലിതിന്‍ വാസ്തവം നിങ്ങള്‍ പഠിക്കുക.'”
നാരദന്‍ ചൊല്ലുകയായ്: ''മുഖ്യനച്ചുതന്‍
ആനന്ദനല്ലിന്നു; കേരളമുഖ്യനെ
താഴെയിറക്കാന്‍ ചതുരുപായങ്ങള്‍ക്കു-
മപ്പുറത്തുള്ളുപായങ്ങള്‍ പയറ്റുവോര്‍
മുള്ളുകള്‍കൊണ്ടുള്ള കുഷ്യനിട്ടാണിന്നു
മുഖ്യനായ് പിന്തുണയേകി വാഴ്ത്തുന്നിതാ:
'മൂന്നാറു സുന്ദര ശാദ്വലഭൂമിയാം
ടാറ്റയും ടൂറിസം വ്യാപാരമാക്കുന്ന
കൂട്ടരും കൂടി സര്‍ക്കാരിന്റെ ഭൂമിയില്‍
ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍ കെട്ടുന്നു; സര്‍വതും
തട്ടിപ്പൊളിച്ചൊരു പാഠം പഠിപ്പിച്ചു
മുമ്പോട്ടു പോയാലിമേജു വര്‍ധിച്ചിടും.'
പ്രേരണ നല്കിയോരോര്‍ത്തീല പാര്‍ട്ടിക്കു-
മാപ്പീസു കയ്യേറ്റഭൂമിയിലെന്നതും
തട്ടിത്തകര്‍ക്കേണ്ടതാം റിസോര്‍ട്ടില്‍ച്ചില-
തൊക്കെ ബിനാമിയായ് പാര്‍ട്ടിനേതാക്കള്‍ക്കു
പങ്കുള്ളതെന്നതും; നേരിന്റെ നേരായ
മാര്‍ഗത്തിലെല്ലാം തകര്‍ത്തു മുന്നേറവേ
പിന്‍വാതിലില്‍ക്കൂടിയെല്ലാം തടഞ്ഞിതാ
മുഖ്യനെ പാര്‍ട്ടികള്‍ പിന്തുണയ്ക്കുന്നിതാ!
മുള്ളുള്ളടക്കിയ കുഷ്യനില്‍നിന്നിയാള്‍
തന്നെയിറങ്ങിത്തരുംവരെ പിന്തുണ
നല്കുവാന്‍തന്നെയാം പാര്‍ട്ടികള്‍ ധാരണ;
കേട്ടതു ചൊല്ലിടാം: ആഗോള കുത്തക
എങ്ങും ഭരിക്കുവോര്‍ക്കൊക്കെയും കമ്മീഷ-
നേകിയാം സ്വത്തുകള്‍ സ്വന്തമാക്കീടുക.
പാര്‍ട്ടിനേതാക്കളുമായുള്ളുടമ്പടി
പാര്‍ട്ടികള്‍ പോലുമറിഞ്ഞിടാതായിടാം.
ദേശീയ സംരംഭകര്‍ക്കു നില്ക്കക്കള്ളി-
യില്ലാതെയാക്കിയാല്‍ മൂന്നാറു സ്വന്തമായ്
മാറ്റുവാന്‍ ആഗോളശക്തികള്‍ക്കായിടും.''
നാരദവാക്യങ്ങള്‍ കേള്‍ക്കവേ മാവേലി
ദേവതന്ത്രത്തിന്‍ പുരോഗതിയോര്‍ക്കയായ്.
നാരദനാണിതു ചൊന്നതെന്നോര്‍ക്കവേ,
നേരായിരിക്കില്ലിതെന്നാശ്വസിക്കയായ്!
ചൂഷകചൂഷണം
നാരദന്‍ ചൊന്നു: ''ഞാനീയിടെ കേരള-
നാട്ടിലെ രാഷ്ട്രീയ നായകന്മാരോടു
ചോദിച്ചറിഞ്ഞതാം തത്ത്വശാസ്ത്രങ്ങളി-
ന്നല്പം വിളമ്പിത്തരാം, രുചിച്ചീടുക:
'കമ്മീഷനെന്നതു വ്യാപാരമേഖല
എങ്ങുമംഗീകരിക്കുന്ന വ്യവസ്ഥയാം.
എങ്ങു കൊടുക്കലും വാങ്ങലുമു,ണ്ടവി-
ടുണ്ടായിടേണ്ട ദല്ലാളു രാഷ്ട്രീയമാം
മേഖലയില്‍ക്കൂടിയുണ്ടാകണം, പിന്നെ
ആഗോളചൂഷണം ചൂഷണംചെയ്തിടാം.
ചൂഷണത്തിന്നെതിര്‍ നില്ക്കുന്ന പാര്‍ട്ടികള്‍
ചൂഷിതരാകാതിരിക്കണ,മോര്‍ക്കുക.
ആവുംവിധത്തില്‍ സംഭാവന വാങ്ങി നാം
ചൂഷകവര്‍ഗത്തെയും മുതലാക്കണം.
പ്രത്യയശാസ്ത്രമറിഞ്ഞിടാതിങ്ങിതാ
കൈക്കൂലി, കോഴയെന്നെല്ലാം വിളിച്ചിതിന്‍
പിന്നിലെ വിപ്ലവജ്വാല കെടുത്തുവാന്‍
കോടതികേറി നടക്കയാം, ദുര്‍ജനം!
ലോട്ടറി, നമ്മുടെ നാട്ടിലിന്നേറ്റവും
വിറ്റഴിക്കപ്പെടുമുത്പന്നമല്ലയോ?
നല്ല ധനാഗമ മാര്‍ഗമായ് ലോട്ടറി
കേരളസര്‍ക്കാരു കണ്ടെത്തി, യിന്നിതാ
അന്യസംസ്ഥാനങ്ങള്‍ നമ്മളെ വെട്ടിച്ചു
മുന്നേറിടു; ന്നതിന്നോഹരി വാങ്ങണം.
നമ്മളതാണു സംഭാവനയായവര്‍
നല്കും പണം വാങ്ങിടുന്നതിന്‍ കാരണം.
ചൂഷകരുണ്ടാക്കിടും പണം ചൂഷണം
ചെയ്യുവാനാകാത്തവര്‍ക്കെങ്ങനായിടും
ചൂഷണത്തിന്നെതിര്‍നില്ക്കുവാന്‍ വേണ്ടതാം
ശക്തി, പണത്തിന്റെ ശക്തി, നേടീടുവാന്‍?”
കേരളത്തില്‍ ഭരിച്ചീടുന്ന പാര്‍ട്ടിയും
ഇപ്പോള്‍ പ്രതിപക്ഷമായൊരു പാര്‍ട്ടിയും
കോഴകള്‍ വാങ്ങി വളര്‍ന്നു കോടീശ്വര-
രാകുന്നതിന്‍ കഥ കേള്‍ക്കാതിരിക്കുവാന്‍
റേഡിയോ, ടി വിയുമൊക്കെ ബോയിക്കോട്ടു-
ചെയ്യണം നാം, പത്രവും വേണ്ട, നമ്മള്‍ക്കു
സത്യം മറയ്ക്കുന്ന സ്വര്‍ണപാത്രത്തിന്റെ
മൂടിതന്‍ ഭംഗിയില്‍ കണ്ടിടാം നേരുകള്‍! '''
നാരദന്‍ നല്കിയ മുന്നറിയിപ്പുകള്‍
കേള്‍ക്കവേ, മാവേലി നാടിതു മാറിയ-
തിങ്ങനെയെങ്കിലിതിന്‍ ഭാവിയെന്തെന്നു
ചിന്തിച്ചു നിന്നുപോയ് പാതാളവാതിലില്‍!
സ്വാര്‍ഥാശ്രയം
പാതാളവാതില്‍ കടന്നതേ കേരള-
നാട്ടിലേക്കെത്തിച്ചിടാന്‍ ഫ്‌ളൈറ്റു വന്നിതാ.
ഫ്‌ളൈറ്റിലിരുന്നും സ്വതസിദ്ധമായുള്ളൊ-
രേഷണി നാരദന്‍ 'സീരിയലാക്കയായ്:
സ്വാശ്രയമെന്ന പദത്തിന്നു കേരള-
നാട്ടിലിന്നുള്ളതാം അര്‍ഥമറിയുമോ?
കേരളത്തിന്‍ പുറത്തായിരുന്നിത്രനാള്‍
കേരളീയര്‍ വിദേശത്തു പോയീടുവാന്‍
യോഗ്യത നേടിയ കോഴ്‌സുകള്‍, ലക്ഷങ്ങള്‍
കോഴ കൊടുത്തു പഠിച്ച കോളേജുകള്‍.
കേരളത്തിന്‍ പണം വാങ്ങിയെടുത്തവര്‍
കേരളത്തിന്നധികാരികള്‍ക്കേകിടും
സംഭാവനകളാലല്ലയോ കേരള-
രാഷ്ട്രീയമേഖല കോടീശ്വരാര്‍ഥമായ്!
എങ്കിലും പത്രങ്ങള്‍ നാടിന്‍ പണം മറു-
നാട്ടുകാര്‍ കൊണ്ടുപോയീടാതിരിക്കുവാന്‍
നമ്മുടെ നാട്ടിലുമുന്നതവിദ്യകള്‍
നല്കുവാന്‍ കോളേജുകള്‍ തുടങ്ങീടുവാന്‍
ഏര്‍പ്പാടുചെയ്യണമെന്നു മുറവിളി-
കൂട്ടിയതിന്‍ ഫലം സ്വാശ്രയ കോഴ്‌സുകള്‍.
മാനേജുമെന്റുകള്‍ തോന്നുന്നപോലെ ഫീസ്
വാങ്ങാതിരിക്കുവാന്‍ സര്‍ക്കാരു ചട്ടങ്ങള്‍
വേലിയായ് തീര്‍ക്കവേ, കോടതിക്കേസുകള്‍
മൂലം തുടങ്ങുവാനായീല കോഴ്‌സുകള്‍.
അങ്ങനെ സംഭവിച്ചീടുവാനും കോഴ
മേടിച്ചുപോലുമീ രാഷ്ട്രീയ നായകര്‍!
ചോറിവിടാകിലും കൂറുമറുനാട്ടി-
ലുള്ളവരോടു പുലര്‍ത്തുകതന്നെയാം
കൂടുതല്‍ നേട്ടമുണ്ടാക്കുന്ന രാഷ്ട്രീയ-
മന്നറിഞ്ഞിങ്ങു പയറ്റുവോരാണവര്‍ !
ഇന്നിതാ സ്വാശ്രയം, സര്‍ക്കാരു, മാനേജു-
മെന്റെന്നു മൂന്നു തരത്തിലാം കേരള-
നാട്ടിലെയുന്നതവിദ്യ നല്കീടുന്ന
സ്ഥാപനമൊക്കെയും; സ്വാശ്രയത്വത്തിന്റെ
പേരിലസ്വാതന്ത്ര്യമാണിവിടെങ്കിലും
സ്വാശ്രിതരാണിങ്ങു രാഷ്ട്രീയ നായകര്‍!
കേരളമാകെയിന്നുള്ളതാം വ്യാപാര-
മേഖല വിദ്യ വില്ക്കുന്നിടത്താണിന്നു
കാണുവാനാവുക; ഭൂരിപക്ഷം ന്യൂന-
മായിടുമാ വിദ്യയാലെന്നറിയുക!''”
കേരളം നേരിട്ടു കണ്ടീടില്ലാതെ
നേരറിഞ്ഞീടുവാനാവുകില്ലെന്നതില്‍
മാവേലിമന്നന്നു സംശയം തോന്നിയി;
ല്ലൊക്കെയും ചൊന്നതു നാരദനല്ലയോ?
ഉള്ളിമരത്തില്‍നിന്നുള്ള കാഴ്ചകള്‍
രണ്ടുവര്‍ഷംമുമ്പു കേരളത്തില്‍വച്ചു
കണ്ടുപിരിഞ്ഞ മാവേലിയും നാരദ
മാമുനിയും കണ്ടു വീണ്ടു, മതിന്നലെ!
'എന്തു വിശേഷ'മെന്നാരാഞ്ഞു മാബലി!!
നാരദന്‍ ചൊന്നതു കേട്ടു ഞാ,നുണ്ടതില്‍
ഉള്‍പ്പൊരുളൊത്തിരി, ഞാന്‍ കണ്ടതിത്തിരി!!!
''കേരളമല്ലല്ലൊ, ഭാരതവും ഭൂമി
പോലുമല്ലല്ലോയീ വിശ്വം, മനുഷ്യന്നു
കാണാന്‍കഴിഞ്ഞീടുകില്ലാത്തതാമെത്ര
ലോകങ്ങളുണ്ടവ താണ്ടിനടന്നു ഞാന്‍!
കണ്ടവയൊക്കെപ്പറഞ്ഞീടുവാനിവി
ടിത്തടവില്‍ക്കിടക്കുന്നയങ്ങെന്നിയെ
ആരുണ്ടെനി, ക്കെന്നുമേഷണിക്കാരനാം
ഞാന്‍ പറയുന്നതു കേട്ടിരുന്നീടുവാന്‍?
ഞാന്‍ പറയുന്നതിലൊക്കെയും സത്യമു,
ണ്ടായതറിഞ്ഞിടാ,നുള്ളിത്തൊലിയുടെ
യുള്ളിലുള്ളര്‍ഥബീജം മുളപൊട്ടുവാന്‍
മണ്ണില്‍ കുഴിച്ചിട്ടിടേണമെന്നോര്‍ക്കണം.
ഞാനറിയുന്നു, മഹാബലീ നിന്‍ കഥ
യുള്ളിയാം, പാതാളമണ്ണില്‍ മുളച്ചുയര്‍
ന്നുള്ളി മരംപോല്‍ വളര്‍ന്നെ,ന്നതിന്നില
നുള്ളിക്കറിവച്ചു കൂട്ടീടുവാനിവി
ടുള്ള മനുഷ്യജന്മങ്ങളെന്നുള്‍പ്പൊരുള്‍!
ആരു തിരഞ്ഞിടാന്‍? തേടിനടന്നു ഞാന്‍!!
കണ്ടു ഞാനിന്നലെയുള്ളിമരത്തിന്റെ
മണ്ടയില്‍ക്കേറിയിരിക്കുമൊരുത്തനെ!
ചോദിച്ചു ഞാ'നെന്തിനിങ്ങേറി നീ? നിന
ക്കാകുമോ പത്തിലനുള്ളിയെനിക്കുമി
ങ്ങേകുവാ?'നെന്നവന്‍ ചൊന്നതു കേള്‍ക്കുക:
'ഉള്ളിമരത്തിലിരുന്നിതു തിന്നിടില്‍
ഉള്ളിടത്തൊക്കെയും പാറിനടന്നിടാം.
പഞ്ചേന്ദ്രിയങ്ങളാലല്ല, സഹസ്രമാ
മിന്ദ്രിയങ്ങള്‍കൊണ്ടു ലോകങ്ങള്‍ കണ്ടിടാം.
ഉള്ളിയിലക്കറിയല്ലറിഞ്ഞീടുക!'
എന്റെ സഞ്ചാരപഥങ്ങള, ല്ലെന്നുടെ
വാഹനംതന്നെ, കണ്ടെത്തിയോനാരിവ
നെന്നുചിന്തിച്ചുനിന്നീടവേ ചൊന്നവന്‍:
'ഞാന്‍ കേരളത്തില്‍നിന്നെത്തി, ആരെന്നു നീ
ആരാഞ്ഞിടേണ്ട, ഞാന്‍ ചൊല്ലില്ല, യെന്‍ മൊഴി
കേട്ടു ഗ്രഹിച്ചു കണ്ടെത്തുകയൊക്കെയും!'
''ആരുമാകട്ടെയവന്‍, നമുക്കെന്തുകൊ
ണ്ടാ മഹാനിങ്ങു വന്നെന്നറിഞ്ഞീടുവാന്‍
ആകാംക്ഷയില്ലേ, വരൂ നമുക്കിത്തിരി
ക്രോസുചെയ്യാം, കേരളത്തിലെ വാര്‍ത്തകള്‍
കേള്‍ക്കുകയും കൂടിയാവാം മഹാബലി
മുന്‍കൊല്ലമങ്ങുചെന്നില്ലെന്നറിഞ്ഞു ഞാന്‍!''
മാവേലി ചൊന്നു: ''നാം രണ്ടുപേരും കൂടി
യന്നു പോ, യിങ്ങു മടങ്ങിടും വേളയില്‍
ചൊന്നിരുന്നില്ലയോ ഞാന്‍ കേരളത്തിലൂ
ടുള്ളൊരീ യാത്രയാം ശിക്ഷയെ, ന്നോര്‍ക്കുക:
ഞാനന്നു ചൊന്നതു ചുമ്മാതെയായിരു
ന്നില്ല, ഞാന്‍ പോയില്ല മുന്‍വര്‍ഷ, മങ്ങോട്ടു
പോകുവാനേ കരുതുന്നതില്ലാ വരും
വര്‍ഷവും, കാണുന്നതില്‍പ്പരം സത്യങ്ങള്‍
കേട്ടറിയുന്നതിലെന്നറിയുന്നു ഞാന്‍!''
കേട്ടതേ നാരദന്‍ ചൊല്കയായ്: ''കേട്ടറി
ഞ്ഞീടലാം നമ്മുടെ വൈദികപൈതൃകം!
കേള്‍ക്കാം, നമുക്കുള്ളിമാമരത്തിന്‍ മോളി
ലേറിയിരിക്കുന്നൊരീ സര്‍വസാക്ഷിയോ
ടങ്ങു ഭരിച്ചു തകര്‍ത്തു തകര്‍ന്നതാം
കേരളനാടിന്റെ വാര്‍ത്തകള്‍, മാബലീ'
ആരെന്നു ചൊല്ലാത്ത സ്‌നേഹിതാ, നീയറി
ഞ്ഞീടണം നീയിരിക്കുന്നൊരുള്ളിത്തരു
നട്ട മഹാത്മനാം മാവേലിയെ, മല
യാളക്കരയിലങ്ങേരു പോയിട്ടിതാ
വര്‍ഷങ്ങള്‍ രണ്ടാ,യവിടെയിന്നുള്ളതാം
വാര്‍ത്തകളെന്തൊക്കെ,യൊന്നു ചൊന്നീടുക.''
''ഹാ!ഹാ!! മഹാബലീ വന്ദനം!!! നിന്നോടു
ചൊല്ലാതിരിക്കുവാനാവില്ലയെന്റെ പേര്‍.
എമ്മെന്‍ വിജയനെന്നെന്റെ പേര്‍, ഭൂമിയില്‍
നിന്നിവിടെത്തിയിട്ടും കേരളത്തില്‍നി
ന്നെന്റെ കണ്ണിങ്ങോട്ടു പോന്നിടുന്നില്ല, ഞാന്‍
പണ്ടു ദര്‍ശിച്ചവതന്നെയോ ഭൂമിയില്‍
വന്നു ഭവിപ്പതെന്നുള്ള ജിജ്ഞാസയാല്‍
ഉള്ളിമരമിതിന്‍ മോളിലിരുന്നു ഞാന്‍
നോക്കുന്നു, കാണുന്നു കേരളം, ഭൂമിയും;
വിശ്വവിശാലതയങ്ങു കാണുന്നു ഞാന്‍!
കേരളം വിശ്വമോളം വിശാലം, വിശ്വ
ഭാവങ്ങളെല്ലാമടക്കുന്ന ഹൃത്തടം.
ഞാനറിയുന്നിതാ പശ്ചിമഘട്ടങ്ങ
ളേറിവളര്‍ന്നിടും നാടിതെന്നോതിയ
'പാലാ'യുമുണ്ടിവിടീ മരത്തിന്‍തണല്‍
പറ്റി നമുക്കവിടൊന്നൊത്തു കൂടിടാം.''
'' 'പാലായും പാതാളനാട്ടിലെന്നോ? പാപ
മല്ലിങ്ങു മര്‍ത്യരെത്തള്ളുവാന്‍ കാരണ
മെന്നറിയുന്നു ഞാ, നെങ്കിലും സ്വര്‍ഗമായ്
പാതാളവും മാറിടുന്നുവോയെന്നാണു
സംശയിക്കുന്നു ഞാന്‍, പുണ്യങ്ങളുള്ളവര്‍
കര്‍മ്മബന്ധങ്ങള്‍ മുറുക്കിടും ലോകമാം
സ്വര്‍ഗമെന്നങ്ങു ചെന്നീടവെ മാത്രമേ
മര്‍ത്യരറിഞ്ഞിടാറു, ള്ളിതാം വാസ്തവം!
മുന്‍വര്‍ഷം സ്വര്‍ഗലോകത്തില്‍ വിശുദ്ധയായ്
പേരു രജിസ്റ്ററില്‍പ്പെട്ടൊരല്‍ഫോന്‍സാമ്മ
ഇപ്പോള്‍ ചുമന്നിടും ഭാരമോര്‍ത്തീടുകില്‍
പാതാളലോകമാം മുക്തിയേകുന്നിടം!''
''മാവേലിമന്നാ, നിനക്കറിയില്ല, തന്‍
കര്‍മങ്ങള്‍ യേശുവിന്‍ കര്‍മമെന്നാണവള്‍
കാണ്മ, തങ്ങില്ലവള്‍ക്കല്പവും കര്‍തൃത്വ
ബോധം, ഫലേച്ഛയും; ഭാര്യയാണങ്ങവള്‍!''
''ആരാണു ചൊല്‌വത്?'' കേള്‍ക്കും സ്വരം നിത്യ
ചൈതന്യമാര്‍ന്നതാം: ''നിഷ്‌കാമകര്‍മമാം
മുക്തിമാര്‍ഗം സ്വര്‍ഗലോകത്തിലാകിലു
മുണ്ട്; ഞാന്‍ മുക്തിവെടിഞ്ഞിങ്ങു പോന്നവന്‍!
ഭൂവിലെ ജീവിതത്തിന്‍ കൊതി തീര്‍ന്നിടാ
താണു ഞാന്‍ മുക്തിപഥത്തിലേക്കോടിയ;
തായതു തെറ്റി; യിപ്പാതാളനാട്ടില്‍നി
ന്നാഭൂവിലേക്കു തിരിച്ചുപോയീടുവാന്‍
പാതകളുണ്ടെന്നറിഞ്ഞതുകൊണ്ടൊരു
ട്രാന്‍സ്ഫറും വാങ്ങിയാണിന്നിവിടെത്തി ഞാന്‍!
പാതാളനാട്ടിലീ മാവേലിയല്ലാതെ
നല്ലവരാരുമില്ലെന്നാണു ഭൂമിയി
ലന്നു വസിക്കവേയെന്‍ വിചാരം; വന്നു
കണ്ടുമുട്ടാന്‍ കഴിഞ്ഞീടുവോരൊക്കെയും
ഉള്ളുതുറന്നവരായതാനന്ദമാം
ഉള്ളതു ചൊല്ലാ, മുറി ചിരിക്കട്ടിനി!!
ഉള്ളിമരത്തിന്റെ ചോട്ടിലിരിക്കുമെന്‍
ചങ്ങാതിയോടൊരു ചോദ്യമു: ണ്ടെങ്ങനെ
കേരളത്തില്‍ തൊഴിലാളിവര്‍ഗത്തിന്റെ
സ്വേച്ഛാധിപത്യ? മാരാണങ്ങു നായകന്‍?''
''നായകനെന്നൊരാളില്ലിന്നു, കേരള
നാട്ടി,ലെല്ലാവരും നായകന്മാര്‍, മറ്റു
നായകന്മാരെപ്പൊറുപ്പിക്കുവാനൊരു
നായയും നായയുമെന്നപോല്‍ തന്നെയീ
നായകന്മാര്‍ക്കുമാവുന്നതില്ലാകയാല്‍
നായയിരിക്കും കസേരകള്‍ കേരളം!
ഒന്നോര്‍ക്കുകില്‍ നല്ല കാര്യമല്ലേ? സ്വയം
നായകനായി ജീവിച്ചിടല്‍? ഭൂമിയില്‍
ഓരോ മനുഷ്യനും താന്‍തന്നെ തന്‍ലോക
നായകനാകേണ്ട ലോകമെന്നോര്‍ക്കണം.''
നിത്യചൈതന്യന്‍ പ്രതികരിപ്പൂ: ''സ്വന്ത
മാത്മാവിനെപ്പരമാത്മാവിനല്ലാതെ
യാരും വിധേയമാക്കീടേണ്ടതില്ലെന്ന
തത്വം മറക്കെയാം ഭൂമിയില്‍ നാരകം!''
''നേരേമറിച്ചഖിലാണ്ഡമനന്തമാ
ണായതില്‍ മര്‍ത്യനോ നിസ്സാരനാം പുഴു
വെന്നതും വാസ്തവമെന്നുമറന്നിടില്‍
മര്‍ത്യനമര്‍ത്യത നേടുവാനാവുമോ?''
കേട്ടതേ ചോദ്യമുയര്‍,ന്നരികത്തതാ
ഓ വി വിജയനും വീക്കേയെനും ചോദ്യ
മാരുചോദിച്ചാലു മൊട്ടും നിസ്സാരമ
ല്ലച്ചോദ്യ: മാരോ തുടര്‍ന്നിടും ചോദ്യമ
തിങ്ങനെ നീളുന്നു: ''എന്താണമര്‍ത്യത?
നമ്മള്‍ മരിച്ചാലുമിങ്ങനെ പാതാള
സ്വര്‍ഗാദി ലോകങ്ങളുണ്ടെന്ന ബോധ്യമോ?
ആ ലോകവാഴ്‌വിനുമപ്പുറം സച്ചിദാ
നന്ദത്തിലേക്കലിഞ്ഞുണ്മയായ് മാറിയാ
ലുള്ളതാം മുക്തിയോ?'' കേള്‍വിക്കാര്‍ കൂടുന്നു.
നാരദനോ നയം വ്യക്തമാക്കീടുന്നു:
''സര്‍വം നിയോഗം നിയോഗാര്‍ഥമല്ലാതെ
യുള്ളതാം ജീവിതം വ്യര്‍ഥ,മിങ്ങുള്ളതാം
ജീവിതം ഭൂവിലെ ജീവിതംപോലെയീ
ചോദ്യങ്ങളില്‍പ്പെട്ടുഴന്നിടാനല്ല, നാം
സര്‍വതും കണ്ടു ചിരിക്കുവാനീയിടം!
ചോദ്യമൊന്നേയിവിടു, ള്ളങ്ങു കേരള
നാട്ടിലെ നായകളെങ്ങനെ? ചൊല്ലുക.''
ഉള്ളിമരത്തിലിരിക്കുവോന്‍ ചൊല്‌വതു
കേള്‍ക്കുവാന്‍ കാതുകൂര്‍പ്പിക്കയായ് സര്‍വരും!
''സത്യം! മനുഷ്യരല്ലങ്ങുമങ്ങുള്ളതാം
വാദവിവാദങ്ങളില്‍പ്പോലുമി, ന്നാകയാല്‍
പട്ടിയെപ്പറ്റിയും പക്ഷിയെപ്പറ്റിയു
മൊക്കെയാം ചര്‍ച്ച ചെയ്തീടേണ്ട, തോര്‍ക്കുകില്‍
മര്‍ത്യരിലേറെ മനുഷ്യത്വമുള്ളവര്‍
പട്ടിയും പക്ഷിയും, പന്നികള്‍ പോലുമാം!
മര്‍ത്യര്‍ മൃഗീയത കണ്ടു പരസ്പരം
പുച്ഛിച്ചു 'പട്ടീ' വിളിച്ചിടു,ന്നായതിന്‍
കാര്യം പരസ്യസംഭോഗികളാണവ
യെന്നതാ, ണോര്‍ത്തു നാം, നോക്കണം, കാണണം:
ഇന്റര്‍നെറ്റില്‍ മര്‍ത്യര്‍ തമ്മില്‍ നടത്തിടും
ഭോഗവൈവിധ്യം മൃഗീയത ഭേദമാം!
മര്‍ത്യര്‍ മൃഗങ്ങളില്‍ കണ്ടു പുച്ഛിച്ചതി
ലെത്രയോ ഏറെയാം വൈകൃതദൃശ്യങ്ങള്‍
മര്‍ത്യര്‍ പരസ്പരം ചെയ്‌വതായിന്നവര്‍
കണ്ടു രസിപ്പൂ, മൃഗങ്ങളില്ലീവക?
ഒന്നോര്‍ത്തു നോക്കൂ, മൃഗങ്ങളില്‍ നിന്നുമാം
മര്‍ത്യന്‍ പരിണമിച്ചങ്ങുളവായതെ
ന്നാണവിടുള്ളവര്‍ ചൊന്നിടുന്നി, ന്നതു
തെറ്റെന്നു കാണ്മു പാതാളത്തില്‍ നില്പവര്‍
എത്രയോ ഭേദം മൃഗങ്ങള്‍? മനുഷ്യത്വ
മെന്തെന്നു നിര്‍വചിച്ചീടണം നാമിനി!''
''ആകെയിങ്ങുള്ളോരറിവൊന്നു മാത്രമാം:
മാറ്റമില്ലാത്തതായ്, ആയറിവില്‍ ലയി
ച്ചീടുവാന്‍ മര്‍ത്യര്‍ക്കു മാത്രമേ പറ്റിടൂ!
മര്‍ത്യര്‍ക്കു മാത്രമമര്‍ത്യത നേടിടാം!!''
''ആരാണു പാതാളലോകത്തിലിങ്ങനെ
വേദാന്തമോതുവാന്‍ വന്നുനില്ക്കുന്നവന്‍?''
''ആരുമാകട്ടെ ഞാന്‍, വ്യാസനോ കൃഷ്ണനോ
വാസ്തവമെന്നു ചോദിക്കേണ്ട, നിങ്ങളില്‍
നിങ്ങള്‍ കാണുന്നതിലേറെ യാഥാര്‍ഥ്യമാ
യൊന്നുമില്ലെന്നറിഞ്ഞീടുക; ആകയാല്‍
ലോകമാലോകനം ചെയ്യുമ്പൊഴുള്ളിലെ
ലോചനമാലോചനാര്‍ഥമെന്നോര്‍ക്കണം!''
''വേദാന്തമോതുവാനല്ല നാം പാതാള
ലോകത്തിലെത്തിയ, തീവിധം ചിന്തിച്ചു
പാതാളവും ഭൂമി പോലെയാക്കീടുവാന്‍
വന്നവര്‍ ഭൂമിയിലേക്കു പോയീടുക!''
''ഈ വിധി കേള്‍ക്കുവാന്‍ വന്നവനാണു ഞാന്‍,
പോകുന്നു ഭൂമിയിലേക്കു ഞാന്‍, ഭൂവിലെ
ജീവിതം പോലില്ല സ്വര്‍ഗത്തിലും രമ്യ
ജീവിതം'' നിത്യചൈതന്യന്‍ ഭൂവിലേക്കു പോയ്!
''നിത്യചൈതന്യന്‍ തിരിച്ചു പോകട്ടെ! ഞാന്‍
ഭൂമിയിലേക്കു നോക്കുന്നു, കാണുന്നവ
ചൊല്ലിത്തരാം, സത്യനിഷ്ഠന്റെ വാക്കാണു
ശ്രുതി, യിതില്‍ മായയില്ലിതു കേട്ടു കാണുക:''
ഉള്ളിമരത്തിന്റെ മോളിലേക്കേറിയി
ട്ടുള്ളതു ചൊല്ലിത്തരാന്‍ തുനിയുന്നതു
കുഞ്ഞുണ്ണി മാഷ്! തന്റെ പൊക്കമില്ലായ്മയാം
തന്‍പൊക്കമെന്നന്നു ചൊന്നതു മറന്നുവോ?
''ഉള്ളിമരം, ഉള്ളിലുള്ള മരം, അതാ
ണുള്ളതു കാണുവാനുള്ള മരം, അതാ
കേരളം കേരങ്ങള്‍ തന്നുയരത്തിലു
മേറിയാണെന്‍നില, കാണുന്നു സര്‍വതും!
ഞാനെന്ന ഭാവമില്ലാത്തതായാരുമി
ല്ലങ്ങതാ കേരളത്തില്‍, നായ നായയെ
കണ്ടാല്‍ സഹിക്കയില്ലെന്ന ചൊല്ലിന്‍ പൊരുള്‍
കണ്ടീടുവാനങ്ങു നോക്കിയാല്‍ കണ്ടിടാം!!
കേരളത്തില്‍ വളരുന്നവരൊക്കെയും
കേരമെന്നോണമാം, കേരളത്തില്‍നിന്നു,
നേരു പറഞ്ഞാല്‍, പുറത്തെത്തിയാല്‍ മാത്ര
മാണല്ലൊ കേരളീയര്‍ വളര്‍ന്നീടുക!
എത്രപേരങ്ങനെയുണ്ടു വളര്‍ന്നവര്‍?
ഇന്നുള്ള കേരളമക്കള്‍ക്കു കേരളം
അന്യമായ്‌പ്പോയി, വളര്‍ന്നിടാനൂഴിയില്‍
വേരുകളില്ലവര്‍ക്കെന്നതാം കാരണം!
കേരളം വിട്ടു വളര്‍ന്നവര്‍ക്കുള്ളതാം
വേരിങ്ങു കേരളമണ്ണില്‍ സഹസ്രാബ്ദ
ടാരുത ചേര്‍ത്തതാം സംസ്‌കാരസംഗമ
മാരിലും പോഷണം നല്കുന്നതല്ലയയോ?
ആരുണ്ടു സ്വന്തമാം 'പൈമാതൃകം' മറ
ന്നാരബ്ധയൗവനവേളയില്‍ ലഭ്യമാം
സംസ്‌കൃതി സ്വന്തമാക്കീടാന്‍ തുനിഞ്ഞവര്‍
സംസ്‌കൃതചിത്തരായ്ത്തീരുന്നു ഭൂമിയില്‍?''
''കുഞ്ഞുണ്ണി മാഷിനും ഭൂമിയിലേക്കുപോയ്
വീണ്ടും ജനിക്കണോ? പൊയ്‌ക്കൊള്‍ക'' ചൊല്കയായ്
കാല; നാരാണിനി കേരളനാടിന്റെ
വര്‍ത്തമാനങ്ങള്‍ ചൊന്നീടുവാന്‍? മാവേലി
യുള്ളിമരത്തിന്റെ തുഞ്ചത്തു നോക്കവെ
കാണുന്നു വീകെയെനുണ്ടിരിക്കുന്നതാ:
മാവേലി വീകെയെനോടു ചോദിക്കുന്നു:
''സത്യത്തിലിന്നുള്ള കേരളമെങ്ങനെ?
പണ്ടു ഞാന്‍ കേരളത്തില്‍ ചെന്ന വേളയില്‍
മുള്ളുള്ളടക്കിയ കുഷ്യനിലച്ചുതന്‍
ആനന്ദനല്ലാതിരിക്കുന്നതാണല്ലൊ
കണ്ട,തിന്നച്ചുതാനന്ദനങ്ങെങ്ങനെ?''
''കുഷ്യനില്‍നിന്നു പുറത്തെത്തി മുള്ളുകള്‍
ചന്തിയിലേറിയിരിക്കയാണെങ്കിലും
ചുമ്മാതെയേറ്റു കൊടുത്താല്‍ വലത്തോട്ടു
ചേരേണ്ടി വന്നിടാം, രാഘവന്ഗൗരിയും
പണ്ടേ പഠിപ്പിച്ച പാഠങ്ങളങ്ങനെ
യൊന്നും മറക്കുവാനാവില്ല, പാര്‍ട്ടിയെ
നേര്‍വഴിക്കെത്തിച്ചിടാനുള്ളില്‍നിന്നുള്ള
പോരാട്ടമല്ലാതെ മാര്‍ഗമില്ലെന്നുള്ളതാം
അച്ചുതാനന്ദന്റെയീ നിലപാടിന്റെ
യര്‍ഥം, മനസ്സിലാക്കീടേണ്ടതുണ്ടു നാം!''
''നേരിതാ, ണല്ലാതെ മന്ത്രിക്കസേരയില്‍
നിന്നിറങ്ങേണ്ടെന്നു പാര്‍ട്ടി വിധിച്ചതും
മന്ത്രിയായ് മൃത്യുവരിച്ചീടിലല്ലാതെ
രക്തസാക്ഷിപ്പദം കിട്ടില്ലയെന്നതും
ഒന്നുമല്ലല്ലയീ വേദനയില്‍ സ്വയം
ജീവിതം ഹോമിച്ചിടാനുള്ള പ്രേരണ!''
സ്വന്തമനുഭവപാഠങ്ങളില്‍നിന്നു
തന്നെയാവും മൊഴിയുന്നു മാവേലി; തന്‍
സപ്പോര്‍ട്ടുമായെഴുന്നേല്ക്കുന്നു നാരദന്‍:
''ഉള്ളിമരത്തിലേറീടുവോര്‍ക്കാവുകി
ല്ലുള്ളതു ചൊല്ലാതിരിക്കുവാ, നുള്ളിലെ
പൊള്ളലാലാം നുണയും ചൊന്നുപോവുക!
ചുമ്മാതെയേറ്റുകൊടുക്കയില്ലെന്നതാം
ഇന്നുമങ്ങേരുടെ ശക്തവും വ്യക്തവു
മായ നില, നിലപാടു പാടുള്ളതെ
ന്നാണു കാണുന്നു ഞാന്‍ യാഥാര്‍ഥ്യമിങ്ങനെ!''
''ശരി, മുഖ്യമന്ത്രിക്കു മാറ്റമില്ലാ, പാര്‍ട്ടി
യതു ബൂര്‍ഷ്വയെത്തകര്‍ക്കാന്‍ സ്വീകരിച്ചിടും
നയമതിലുമഴിമതിവിരുദ്ധതയിലും നിന്നു
മണുവിട തിരിച്ചുപോകില്ലെന്നുമുള്ളൊരാ
വാദഗതി ഗതികെട്ട നിലയെന്നുകൂടി ഞാന്‍
കാണുന്നു'' ചൊല്ലുന്നതജ്ഞാതനാമൊരാള്‍:
''നുണകളിലൊളിപ്പിച്ച സത്യങ്ങള്‍ കാണുവാന്‍
തിരുമിഴികളുള്ളവര്‍ക്കായെന്റെ വന്ദനം!
തൊഴിലാളി മുതലാളിയാകുവാനുള്ളവന്‍,
മുതലാളി തൊഴിലാളിയാകുവാനും! ദ്വന്ദ
നിയമമിങ്ങനെയെന്നതറിയുവോരെങ്ങനെ
പിണറായ പിണറായിയോടെതിര്‍നിന്നിടും?
അറിയണം: ചോരച്ചൊരിച്ചില്‍ കൂടാതെയീ
മലയാളമണ്ണിലേ തൊഴിലാളിവര്‍ഗത്തി
നൊരു ഭരണമു, ള്ളതു വളര്‍ന്നുവന്നീടവെ
തൊഴിലാളിപ്പാര്‍ട്ടിയും മുതലാളുമോര്‍ക്കണം.
അതിനാണു ഭരണമി, ന്നതിലൂടെ കിട്ടുന്ന
കമ്മീഷനാണിന്നു വിപ്ലവത്തിന്നുള്ള
മൂലധന, മതു നല്കിടുന്നവര്‍ തകരുമെ
ന്നറിയുവാന്‍ പാഴൂര്‍ പടിപ്പുരെ പോകണോ?
ഇവയൊക്കെയാദ്യമായ് സംഭവിച്ചീടുന്ന
വലിയൊരു പരീക്ഷണശാലയാം കേരളം!
ഇതു വേണ്ടപോല്‍ ഗ്രഹിക്കാതിരുന്നീടുകില്‍
അധികമൊന്നും വൈകിടാതെയൊരു വാമനന്‍
അച്യുതാനന്ദനെയുമിങ്ങോട്ടയച്ചിടും.
ഇവിടെത്തിയാലിവിടെയുള്ള ഭരണം പിടി
ച്ചിടുവാനൊരായുധം അച്ചുതാനന്ദനും
കൈയിലുണ്ടാകയാല്‍ സൂക്ഷിച്ചു നില്ക്കണം!''
ഇതു കേള്‍ക്കെ ഞെട്ടിയോ കാല? നിക്കാലത്തു
ചതിയെന്ന നായോടിടുന്ന വഴി പത്തു മുഴ-
മെങ്കിലും മുമ്പിലേക്കെറിയാതെ രക്ഷയി;
ല്ലെറിയുവാന്‍ കോലുമായ് നില്ക്കുന്ന കാലനോ-
ടരുളുന്നു മാവേലി: ''വഴിയിതില്‍ തിരിവുകള്‍
പലതുണ്ടു; പട്ടി തിരിയുന്നതെങ്ങോട്ടെന്ന
തറിയാതെ എറിയുകില്‍ കോലു നഷ്ടപ്പെടും!കോലു പോയാ'ലകോലന്‍' നീ 'യകാല'നാം!!