നാരദനും ബ്ലോഗേഴ്‌സ് മീറ്റും
പാലാക്കാരന്‍ പാലായനനെ
പാതാളത്തില്‍ വച്ചാണല്ലോ
മാവില്‍ മാമ്പഴമുണ്ടായപ്പോള്‍
മാവേലിക്കതു നല്കാനെത്തിയ
നാരദമുനി കണ്ടെത്തിയ,തപ്പോള്‍
നാരദനിങ്ങനെ ചോദ്യമെറിഞ്ഞൂ:
'നാരദ'നെന്നൊരു തോന്നിക പണ്ടു
നടത്തിയ മാഡ് കമ്പനിയിന്നെങ്ങനെ?
ഇരുപത്തഞ്ചു കഴിഞ്ഞൂ വര്‍ഷം
നാരദനെങ്ങടെ നാട്ടില്‍ ജനിച്ചു-
മരിച്ചി,ട്ടിന്നാം നാരദമുനിയതു-
മറിയുന്നെന്നറിയുന്നതു ഞങ്ങള്‍!
മാഡ്കമ്പനിയില്‍ പാലായില്‍നി-
ന്നോടിയൊളിക്കാതൊരുവന്‍മാത്രം!
പാലായനനാമവനെങ്ങെല്ലാം
പോയാലും പാലായില്‍ വരുവോന്‍!!
'പാലാ,പാലാ'യെന്നൊരു വിളിയില്‍
പാലാ പാലായെന്നോര്‍മിച്ചി-
ന്നിവിടണയുന്നൂ മോഹനനാമനു-
മപരനുമിന്നെന്‍ വീട്ടി,ലറിഞ്ഞോ
നാരദമാമുനി? വയ്യ മറച്ചു
പിടിക്കാനൊന്നും ഇവരുടെ മുമ്പില്‍!
നാരദമാമുനി ചൊല്ലുകയായി:
''ബ്ലോഗുലകത്തിലുമെന്റെ വിശേഷം
നീയെഴുതുന്നെന്നറിയുന്നൂ ഞാന്‍!
ബ്ലോഗര്‍മാരുടെ കൂട്ടം കൂടീ-
ട്ടെന്തു വിിശേഷമതോട്ടം തുള്ളലി-
ലിവിടെപ്പാടുക, യെന്‍ ശിക്ഷയിതാം!''
നാരദവിധിയുടെ പൊരുളറിയുന്നോന്‍
മാബലിയപ്പോള്‍ ചൊല്ലുകയായി:
''നീയതു പാടുകിലതു കേള്‍ക്കേണ്ടി
വരുന്നതു ഞങ്ങള്‍ക്കല്ലാവര്‍ക്കും
നല്ലൊരു ശിക്ഷയതാകും! പക്ഷേ,
നാരദനാരെന്നറിയുന്നൂ ഞാന്‍!!
നുണകളിലൂടെ നേരിന്‍ പൊരുളുക
ളറിയിപ്പവനാം നാരദ മാമുനി!
ഏഷണിയല്ലാ ബ്ലോഗര്‍മാരുടെ
മോഷണലക്ഷ്യംപോലും, മാമുനി
സകലതുമറിയും ഗുരുവരനതിനാല്‍
ബ്ലോഗുലകത്തിന്‍ വാര്‍ത്തകള്‍ ചൊല്ലൂ:
ബ്ലോഗര്‍മാരുടെ ശക്തിയറിഞ്ഞവ-
രാണിവിടുള്ളവരൊക്കെയുമറിയൂ.
അര്‍ജുനശരമെന്നോണം നേരും
നുണയുമെറിഞ്ഞു വിടുന്നവര്‍ നിങ്ങള്‍!
കൊച്ചിയിലച്ചിയുമൊത്തൊരു ബ്ലോഗറു-
മെത്തിയതില്ലെന്നറിയുന്നൂ ഞാന്‍!!''
മറുപടിയെന്തരുളേണം? അവിയലി-
ലൊരുനാള്‍ ചാണ്ടി കമന്റിയതോര്‍ത്തു:
''ശീമാട്ടിക്കെതിരുള്ളൊരു ഹോട്ടലി-
ലച്ചിയുമൊത്തുവരാന്‍ ബ്ലോഗര്‍മാ-
മെങ്ങനെ ധൈര്യം കാട്ടും? പക്ഷേ,
ബ്ലോഗറിമാര്‍ ചിലര്‍ കൊച്ചുങ്ങളുമൊ-
ത്തെത്തിയിരുന്നൂ, കെട്ടിയവന്മാര്‍
ഒപ്പം വന്നോ ശ്രദ്ധിച്ചില്ല.''
ഇതു കേട്ടപ്പോള്‍ നാരദനോതി:
''അവിടെത്തിയതാം ബ്ലോഗര്‍മാരുടെ
പേരുകളരുളുക,യവരുടെ ബ്ലോഗുകള്‍
വായിച്ചൊന്നു കമന്റാന്‍ മാത്രം.''
'വണ്ടിപ്രാന്തന്‍' 'റോഡരികില്‍' ഹായ്
'കേരളഹഹഹാ', 'അഞ്ചല്‍ക്കാരന്‍'
'നവമുഖ''നേഴാംമുദ്ര'യുമൊത്ത്
'ചിത്രനിരീക്ഷണ'ലക്ഷ്യംവച്ച്
'തൂതപ്പുഴയോര'ത്തില്‍പോകാന്‍
'ഒരു നിമിഷംതരു'കെന്നു മൊഴിഞ്ഞൂ
'പകല്‍ക്കിനാവന്‍' 'പാമ്പള്ളി'ക്കായ്
'സത്യാന്വേഷക'നായ് മാറുന്നൂ
'ചാമ്പല്‍ക്കൂന'യി'ലനുസോണ്‍' 'ശ്യാമം'
'ഒടിയന്‍ പൂജ്യംപൂജ്യം ഏ'ഴായ്
ഇനിയും വൃത്തമിതില്‍ച്ചേര്‍ന്നീടാന്‍
തയ്യാറില്ലാച്ചതുരപ്പേരുക-
ളുള്ളവ,രവരുടെ പേരുകളെല്ലാം
അവിയലിലുണ്ടതു പോരേയിനിയും?
ഇതു കേട്ടപ്പോള്‍ മാവേലിക്കൊരു
ഗൗരവമുള്ള കമന്റുണരുകയായ്;
''ശരി, ശരി പേരുകള്‍ കേള്‍ക്കുമ്പോള്‍ ചിരി
വരുമെന്നാലും ഗൗരവമുള്ളോര്‍
ബ്ലോഗര്‍മാരിലുമുണ്ടാവില്ലേ?
അവരാരും വന്നില്ലേ അവിടെ?''
മറുപടിയെന്തു പറഞ്ഞീടേണം?
സത്യം പറയുക തന്നെ പഥ്യം.
''അവരു വരാറുണ്ടെന്നാലും ചിരി
ഗൗരവമുള്ളൊരുകാര്യമതാണെ-
ന്നറിയുന്നോരവര്‍, മുല്ലപ്പെരിയാര്‍
കണ്ടു ചിരിക്കാനെങ്ങനെയാവും?
ഞങ്ങടെ കൂടെ നിരക്ഷരനെന്നൊരു
ബ്ലോഗറുമുണ്ടങ്ങേരുടെയമ്പുകള്‍
അര്‍ജുനശരമായ് ഞങ്ങള്‍ തൊടുക്കാന്‍
കരുതുന്നുണ്ടെന്നങ്ങറിയേണം.''
ഇതുകേട്ടപ്പോള്‍ മാബലിമന്നന്‍
നാരദനോടായ് ചോദി,''ച്ചെന്തേ
ഇതിനൊരു മറുപടി?'' നാരദനോതി:
''രോദനമരുതെന്നറിയുക നിങ്ങള്‍!
പക്ഷേ, നമ്മുടെയെല്ലാം മുമ്പില്‍
മരണമതാണെന്നറിയുമ്പോഴും
മറവിയിലൊക്കെയൊതുക്കാനറിയും
മനുജമനസ്സിന്നത്ഭുതമന്നേ
ഭാരതമെഴുതിയ ഗുരു കണ്ടെന്നും
മനുജനു ചിരിയുടെ വഴിയില്‍ത്തന്നെ
കാര്യം കാണാന്‍ കഴിയണമെന്നും
അറിയുക, യെഴുതുക, വളരുക നിങ്ങള്‍!''
hi.....njan aanu ivide aadyam alle.....annu vishadamaayi parichayappedan pattiyilla, ini orikkal aavatte.....aaloru puli aanallo???
മറുപടിഇല്ലാതാക്കൂ