നാടോടിയായൊരു നാരദൻ ചൊല്ലുന്ന
'നാരായണ നമഃ' കേട്ടാണു ക്രിസ്തുമസ്
നാൾ രാത്രി മാവേലി ഞെട്ടിയുണർന്നതും
നാരദൻ ക്രിസ്തുമസ് പാപ്പയായ് ചെന്നതും!
നാരദവേഷമല്ലെങ്കിലും മാവേലി
നാരദശബ്ദം തിരിച്ചറിഞ്ഞിങ്ങനെ
ചോദിക്കയായ്: ‘പ്രിയ നാരദാ ക്രിസ്തുമസ്
പാപ്പയായിങ്ങെത്തിടാനെന്തു കാരണം?
ഓണത്തിനീ വർഷമായില്ലെനെനിക്കെന്റെ
കേരളനാട്ടിലെത്തീടാൻ കൊറോണതൻ
താണ്ഡവമെങ്ങനെയിന്നവിടെന്നൊന്നു
ചൊന്നിടാനാവുമോ നാരദാ ചൊല്ലുക:’
ഞാനോണനാളിലും കേരളത്തിൽ ചെന്നു
ഡോക്ടറന്മാർ ധരിക്കുന്ന വേഷങ്ങളി-
ലൊന്നെടുത്തന്നണി,ഞ്ഞാവേഷമാണിത്!
അന്നുതൊട്ടെൻ വേഷമിങ്ങനെയാണെടോ?
സത്യം പറഞ്ഞിടാം: ഭൂമിയിൽ മാനുഷ-
രേവരുമീ മുഖംമൂടിയണിഞ്ഞാണു
ജീവിച്ചിടുന്ന,തൊന്നോർത്താൽ മുഖംമൂടി-
യില്ലാത്ത മർത്യരെ കണ്ടിരുന്നില്ല ഞാൻ!
'നേരാണു നാരദാ, നേരറിഞ്ഞീടുവാൻ
കേരളത്തിൽ ചെന്നിടുംവേളയെത്രയോ
നേരം തിരഞ്ഞു ഞാൻ നേരുചൊല്ലുന്നൊരു
കേരളക്കാരനെ കണ്ടതില്ലിത്രനാൾ!’
നേരുകൾ ചൊല്ലുവാനാണല്ലൊ നാരദ-
നായ ഞാൻ നാടോടി നിന്മുന്നിലെത്തുന്നു:
നീയെന്റെ നേരറിയുന്നവൻ, കേൾക്കുക:
നേരറിഞ്ഞാലും നുണയ്ക്കു വോട്ടേകിടും
കേരളീയർ - കേരളത്തിൽ ജയിക്കുവോർ
നേരുമറച്ചു ചിരിക്കുവോർ മാത്രമാം!
കേരളത്തിൽ കിഴക്കമ്പലമെന്നൊരു
നാടുണ്ടവിടെ ഞാൻ പോയിരുന്നീയിടെ!
അങ്ങൊരു കമ്പനിയുണ്ടവർ നാടതു
സ്വന്തമായ് കണ്ടു ഭരിച്ചിടുന്നാകയാൽ
അഞ്ചുവർഷം കൊണ്ടു ചുറ്റിലുമുള്ളതാം
നാലു പഞ്ചായത്തുകൂടി ജയിച്ചതേ
നേരുകൊണ്ടാരെങ്കിലും ജയം നേടിയ-
കേരളവാർത്തയായ് ചൊല്ലുവാനുള്ളെടോ!
കോടികൾ ലാഭമുണ്ടാക്കുന്ന കമ്പനി
നാടുപിടിക്കുന്നതേറ്റമധർമമെ-
ന്നാണതു കണ്ടറിയുന്നതാം രാഷ്ട്രീയ-
മർമജ്ഞർ ചൊല്ലുന്ന, തെന്തു ഞാൻ ചൊല്ലണം?
ലാഭമുണ്ടാക്കുവോർ ലാഭത്തിനംശമീ
നാടിന്റെ നന്മയ്ക്കു നല്കണമെന്നൊരു
നിയമമീ ഭാരതനാട്ടിലുണ്ടതുകൊണ്ടു
സ്വന്തമാം ദേശത്തു നന്മചെയ്താണിവർ
കക്ഷിരാഷ്ട്രീയക്കളിക്കൊക്കെയും മരു-
ന്നെന്തെന്നു കണ്ടു വളർന്നിടുന്നിങ്ങനെ!