ജനഗണപതി തുണയരുളിടുമെങ്കില്‍
ജനഗണമനമധിനായകമാകാന്‍
വഴിതിരയുന്നോര്‍ക്കിടയില്‍പ്പെയ്‌തൊരു
മൊഴിമഴയുടെ കഥ ഞാനരുളീടാം:
"ആള്‍ക്കൂട്ടത്തിന്‍ പ്രതിനിധിമാരായ്
ആരെല്ലാമെന്നാദ്യം ചൊല്ലാം:
ആള്‍ക്കൂട്ടത്തിലെ അന്തോണിച്ചന്‍
ആളൊരുസൗമ്യനുമന്വേഷകനും!
കയ്യാലപ്പുറമെന്നൊരു വീട്ടില്‍
വയ്യാവേലി പൊളിക്കാന്‍ വഴികള്‍
കാണാത്തവനാം കരുണന്‍ചേട്ടന്‍
കാണും പുതുവഴി കാട്ടി നടപ്പോന്‍!
മമ്മതുകുഞ്ഞൊരിടത്തന്‍; നാട്ടില്‍
മാര്‍ക്ഷിറ്റെന്നു വിളിപ്പേരുള്ളോന്‍!!
മൂവരുമിവിടീ മുക്കവലയ്ക്കലെ
മാവിന്‍ചോട്ടില്‍ സന്ധ്യാവേളയില്‍
എന്നും വെടിവട്ടത്തിനുകൂടീ-
ട്ടൊന്നാംതരമായ് പടവെട്ടുന്നോര്‍!!!
ഇന്നലെയന്തോനിച്ച'നിലക്ഷനി-
ലെന്തിനിതേപോല്‍ പോസ്റ്റര്‍, ബാനര്‍,
വര്‍ണപ്രളയവുമാര്‍ഭാടവു?'മെ-
ന്നാത്മഗതംപോല്‍ ചോദ്യമെറിഞ്ഞു.
മാര്‍ക്ഷിറ്റ് മമ്മതു മറുപടി ചൊന്നു:
'മാര്‍ക്‌സു പറഞ്ഞിട്ടുണ്ടിവിടെല്ലാം
കച്ചവടത്തിന്‍ കണ്ണാല്‍മാത്രം
കണ്ടിടുമല്ലോ മുതലാളിത്തം!
അവരാണല്ലോ പണമെറിയുന്നു!
അവരെ വെല്ലാനവരില്‍നിന്നും
പണമതുവാങ്ങീട്ടിടതു കളിക്കും!!
പണമെറിയാതിവിടെങ്ങനെ വിജയം?'
'പണമതുനിങ്ങള്‍ക്കേകീടുന്നോര്‍
വെറുതെ തരില്ലെന്നല്ലേ സത്യം?'
അന്തോനിച്ചന്‍ ചോദ്യമെറിഞ്ഞു
കയ്യാലപ്പുറമേറ്റുപിടിച്ചു
'ഇവിടുന്നാരു ഭരിച്ചീടുകിലും
അവരെ ഭരിക്കാന്‍ പണമാണല്ലേ?'
പണമതു നമ്മെ ഭരിക്കാതാക്കാന്‍
പണിയൊന്നിവിടുണ്ടെന്നിവിടിന്നലെ
ഒരു ചെറു നോട്ടീസ് കണ്ടു; ഞാനതു
വായിച്ചീടാം: കേള്‍ക്കുക നിങ്ങള്‍!
'അയലുകള്‍തമ്മില്‍ ചേരണമാദ്യം
അവിടുന്നാണും പെണ്ണും വരുമാ-
റിരുപ്രതിനിധികള്‍ വരണമവര്‍ചേര്‍-
ന്നിവിടുള്ളൊരു വാര്‍ഡിന്നിരുപേരെ
പ്രതിനിധിമാരായ് കണ്ടെത്തേണം
അവരിലുമാണും പെണ്ണുംവേണം!
അയലിന്‍പ്രതിനിധിയാകുമവര്‍ക്കി-
ല്ലവരുടെ സ്വന്തമഭിപ്രായങ്ങള്‍!
അവരുടെ പാര്‍ട്ടിക്കാര്‍ പറയുന്നതു-
മവരു പറഞ്ഞീടേണ്ടിനി; സ്വയമേ
അവരുടെ കൂട്ടത്തിന്‍ നാവായവര്‍
അറിയണ; മപ്പോളവര്‍ ചേര്‍ന്നീടില്‍
അയലുകള്‍ ചേര്‍ന്നു പറഞ്ഞീടുന്നവ
പറയാന്‍ ബ്ലോക്കില്‍, ജില്ലയി, ലതുപോല്‍
സംസ്ഥാനത്തില്‍, കേന്ദ്രംവരെയും
വന്നീടേണ്ടവരെ കണ്ടെത്താം!!'
'ഇങ്ങനെയുള്ളൊരിലക്ഷന്‍ വന്നാല്‍
കക്ഷികള്‍, പണവും നമ്മെ ഭരിച്ചിടു-
മിപ്പോഴത്തെയവസ്ഥയില്‍നിന്നും
നമ്മള്‍ മോചിതരായിടുമത്രെ!'
മമ്മതുകുഞ്ഞു പറഞ്ഞുതുടങ്ങി:
'ഇന്നിവിടുള്ള വ്യവസ്ഥിതിയോര്‍ത്താല്‍
ഭരണത്തിന്നൊരു നിയമാവലിയു;-
ണ്ടതുമാറ്റിടുവാനിവിടാര്‍തുനിയും?
ഇതുവെറുമൊരുകനവാ; ണിതു വെറുതെ
പറയുന്നതുകൊണ്ടില്ലൊരു നേട്ടം!'
അന്തോനിച്ചനുണര്‍ന്നു പറഞ്ഞു:
'എന്താണെങ്കിലുമോര്‍ക്കുക നമ്മള്‍:
കനവുകള്‍ കാണാന്‍ കഴിയുകിലല്ലാ-
തിവിടൊരു നേട്ടവുമുണ്ടാകില്ലെ-
ന്നല്ലോ നമ്മുടെ പ്രസിഡന്റിന്‍ മൊഴി!
ജനമുണരുമ്പോള്‍ നിയമം മാറ്റാം!!'
ഇടതിനു ഭരണം കിട്ടീടുകിലും
സമരംതുടരണമെന്നീയെമ്മെസ്
ചൊന്നിട്ടുണ്ടെന്നോര്‍ത്തൊരു മമ്മതു
ചൊന്നൂ: 'ജനമിവിടുണരണമാദ്യം!'
കരുണന്‍ നോട്ടീസിന്നവസാനം
കണ്ടുചൂണ്ടിക്കാട്ടി: മെഴുതിരി!
'ഇങ്ങനെയുണരുന്നവരുടെ വോട്ടുകള്‍
ഇങ്ങു കൊടുക്കാന്‍ മെഴുതിരി! ഹാ! ഹാ!!
ഇരുളിലൊരിത്തിരി വെട്ടമതെങ്കിലു-
മരുളുന്നവരു ജയിക്കണമിവിടെ!!'
അന്തോനിച്ചനുമതിനൊടു ചേരവെ
എന്താകിലുമീ രാത്രിയിലിത്തിരി
വെട്ടംതന്നെ ക്ലോക്കിലുമധികം
നന്നെന്നോര്‍ത്തു മമ്മതുകുഞ്ഞും!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ