24 ഓഗസ്റ്റ്, 2023

ഇരുളില്‍ ഒരു മെഴുകുതിരി

 ജനഗണപതി തുണയരുളിടുമെങ്കില്‍

ജനഗണമനമധിനായകമാകാന്‍

വഴിതിരയുന്നോര്‍ക്കിടയില്‍പ്പെയ്‌തൊരു

മൊഴിമഴയുടെ കഥ ഞാനരുളീടാം:


"ആള്‍ക്കൂട്ടത്തിന്‍ പ്രതിനിധിമാരായ് 

ആരെല്ലാമെന്നാദ്യം ചൊല്ലാം: 

ആള്‍ക്കൂട്ടത്തിലെ അന്തോണിച്ചന്‍

ആളൊരുസൗമ്യനുമന്വേഷകനും!

കയ്യാലപ്പുറമെന്നൊരു വീട്ടില്‍

വയ്യാവേലി പൊളിക്കാന്‍ വഴികള്‍

കാണാത്തവനാം കരുണന്‍ചേട്ടന്‍

കാണും പുതുവഴി കാട്ടി നടപ്പോന്‍!

മമ്മതുകുഞ്ഞൊരിടത്തന്‍; നാട്ടില്‍

മാര്‍ക്ഷിറ്റെന്നു വിളിപ്പേരുള്ളോന്‍!!


മൂവരുമിവിടീ മുക്കവലയ്ക്കലെ

മാവിന്‍ചോട്ടില്‍ സന്ധ്യാവേളയില്‍

എന്നും വെടിവട്ടത്തിനുകൂടീ-

ട്ടൊന്നാംതരമായ് പടവെട്ടുന്നോര്‍!!!


ഇന്നലെയന്തോനിച്ച'നിലക്ഷനി-

ലെന്തിനിതേപോല്‍ പോസ്റ്റര്‍, ബാനര്‍,

വര്‍ണപ്രളയവുമാര്‍ഭാടവു?'മെ-

ന്നാത്മഗതംപോല്‍ ചോദ്യമെറിഞ്ഞു.

മാര്‍ക്ഷിറ്റ് മമ്മതു മറുപടി ചൊന്നു:

'മാര്‍ക്‌സു പറഞ്ഞിട്ടുണ്ടിവിടെല്ലാം

കച്ചവടത്തിന്‍ കണ്ണാല്‍മാത്രം 

കണ്ടിടുമല്ലോ മുതലാളിത്തം!

അവരാണല്ലോ പണമെറിയുന്നു!

അവരെ വെല്ലാനവരില്‍നിന്നും

പണമതുവാങ്ങീട്ടിടതു കളിക്കും!!

പണമെറിയാതിവിടെങ്ങനെ വിജയം?'


'പണമതുനിങ്ങള്‍ക്കേകീടുന്നോര്‍

വെറുതെ തരില്ലെന്നല്ലേ സത്യം?'

അന്തോനിച്ചന്‍ ചോദ്യമെറിഞ്ഞു

കയ്യാലപ്പുറമേറ്റുപിടിച്ചു

'ഇവിടുന്നാരു ഭരിച്ചീടുകിലും

അവരെ ഭരിക്കാന്‍ പണമാണല്ലേ?'


പണമതു നമ്മെ ഭരിക്കാതാക്കാന്‍

പണിയൊന്നിവിടുണ്ടെന്നിവിടിന്നലെ

ഒരു ചെറു നോട്ടീസ് കണ്ടു; ഞാനതു

വായിച്ചീടാം: കേള്‍ക്കുക നിങ്ങള്‍!


'അയലുകള്‍തമ്മില്‍ ചേരണമാദ്യം

അവിടുന്നാണും പെണ്ണും വരുമാ-

റിരുപ്രതിനിധികള്‍ വരണമവര്‍ചേര്‍-

ന്നിവിടുള്ളൊരു വാര്‍ഡിന്നിരുപേരെ

പ്രതിനിധിമാരായ് കണ്ടെത്തേണം

അവരിലുമാണും പെണ്ണുംവേണം!


അയലിന്‍പ്രതിനിധിയാകുമവര്‍ക്കി-

ല്ലവരുടെ സ്വന്തമഭിപ്രായങ്ങള്‍!

അവരുടെ പാര്‍ട്ടിക്കാര്‍ പറയുന്നതു-

മവരു പറഞ്ഞീടേണ്ടിനി; സ്വയമേ

അവരുടെ കൂട്ടത്തിന്‍ നാവായവര്‍

അറിയണ; മപ്പോളവര്‍ ചേര്‍ന്നീടില്‍

അയലുകള്‍ ചേര്‍ന്നു പറഞ്ഞീടുന്നവ

പറയാന്‍ ബ്ലോക്കില്‍, ജില്ലയി, ലതുപോല്‍

സംസ്ഥാനത്തില്‍, കേന്ദ്രംവരെയും

വന്നീടേണ്ടവരെ കണ്ടെത്താം!!'


'ഇങ്ങനെയുള്ളൊരിലക്ഷന്‍ വന്നാല്‍

കക്ഷികള്‍, പണവും നമ്മെ ഭരിച്ചിടു-

മിപ്പോഴത്തെയവസ്ഥയില്‍നിന്നും

നമ്മള്‍ മോചിതരായിടുമത്രെ!'


മമ്മതുകുഞ്ഞു പറഞ്ഞുതുടങ്ങി:

'ഇന്നിവിടുള്ള വ്യവസ്ഥിതിയോര്‍ത്താല്‍

ഭരണത്തിന്നൊരു നിയമാവലിയു;-

ണ്ടതുമാറ്റിടുവാനിവിടാര്‍തുനിയും?

ഇതുവെറുമൊരുകനവാ; ണിതു വെറുതെ

പറയുന്നതുകൊണ്ടില്ലൊരു നേട്ടം!'


അന്തോനിച്ചനുണര്‍ന്നു പറഞ്ഞു:

'എന്താണെങ്കിലുമോര്‍ക്കുക നമ്മള്‍:

കനവുകള്‍ കാണാന്‍ കഴിയുകിലല്ലാ-

തിവിടൊരു നേട്ടവുമുണ്ടാകില്ലെ-

ന്നല്ലോ നമ്മുടെ പ്രസിഡന്റിന്‍ മൊഴി!

ജനമുണരുമ്പോള്‍ നിയമം മാറ്റാം!!'


ഇടതിനു ഭരണം കിട്ടീടുകിലും

സമരംതുടരമെന്നീയെമ്മെസ്

ചൊന്നിട്ടുണ്ടെന്നോര്‍ത്തൊരു മമ്മതു

ചൊന്നൂ: 'ജനമിവിടുണരണമാദ്യം!'


കരുണന്‍ നോട്ടീസിന്നവസാനം

കണ്ടുചൂണ്ടിക്കാട്ടി: മെഴുതിരി!

'ഇങ്ങനെയുണരുന്നവരുടെ വോട്ടുകള്‍

ഇങ്ങു കൊടുക്കാന്‍ മെഴുതിരി! ഹാ! ഹാ!!

ഇരുളിലൊരിത്തിരി വെട്ടമതെങ്കിലു-

മരുളുന്നവരു ജയിക്കണമിവിടെ!!'


അന്തോനിച്ചനുമതിനൊടു ചേരവെ

എന്താകിലുമീ രാത്രിയിലിത്തിരി

വെട്ടംതന്നെ ക്ലോക്കിലുമധികം

നന്നെന്നോര്‍ത്തു മമ്മതുകുഞ്ഞും!!


22 ഓഗസ്റ്റ്, 2023

ഉൾപ്പൊരുളൊത്തിരി, ഞാൻ കണ്ടതിത്തിരി!!

രണ്ടുവർഷംമുമ്പു കേരളത്തിൽവച്ചു

കണ്ടുപിരിഞ്ഞ മാവേലിയും നാരദ- 

മാമുനിയും കണ്ടു വീണ്ടു, മതിന്നലെ! 

'എന്തു വിശേഷ'മെന്നാരാഞ്ഞു മാബലി!!

നാരദൻ ചൊന്നതു കേട്ടു ഞാ,നുണ്ടതിൽ 

ഉൾപ്പൊരുളൊത്തിരി, ഞാൻ കണ്ടതിത്തിരി!!!


''കേരളമല്ലല്ലൊ, ഭാരതവും ഭൂമി 

പോലുമല്ലല്ലോയീ വിശ്വം, മനുഷ്യന്നു

കാണാൻകഴിഞ്ഞീടുകില്ലാത്തതാമെത്ര

ലോകങ്ങളുണ്ടവ താണ്ടിനടന്നു ഞാൻ!

കണ്ടവയൊക്കെപ്പറഞ്ഞീടുവാനിവി-

ടിത്തടവിൽക്കിടക്കുന്നയങ്ങെന്നിയെ

ആരുണ്ടെനി, ക്കെന്നുമേഷണിക്കാരനാം

ഞാൻ പറയുന്നതു കേട്ടിരുന്നീടുവാൻ?

ഞാൻ പറയുന്നതിലൊക്കെയും സത്യമു,-

ണ്ടായതറിഞ്ഞിടാ,നുള്ളിത്തൊലിയുടെ-

യുള്ളിലുള്ളർഥബീജം മുളപൊട്ടുവാൻ

മണ്ണിൽ കുഴിച്ചിട്ടിടേണമെന്നോർക്കണം.

ഞാനറിയുന്നു, മഹാബലീ നിൻ കഥ-

യുള്ളിയാം, പാതാളമണ്ണിൽ മുളച്ചുയർ-

ന്നുള്ളി മരംപോൽ വളർന്നെ,ന്നതിന്നില

നുള്ളിക്കറിവച്ചു കൂട്ടീടുവാനിവി-

ടുള്ള മനുഷ്യജന്മങ്ങളെന്നുൾപ്പൊരുൾ!

ആരു തിരഞ്ഞിടാൻ? തേടിനടന്നു ഞാൻ!!

കണ്ടു ഞാനിന്നലെയുള്ളിമരത്തിന്റെ

മണ്ടയിൽക്കേറിയിരിക്കുമൊരുത്തനെ!

ചോദിച്ചു ഞാ'നെന്തിനിങ്ങേറി നീ? നിന-

ക്കാകുമോ പത്തിലനുള്ളിയെനിക്കുമി-

ങ്ങേകുവാ?'നെ-ന്നവൻ ചൊന്നതു കേൾക്കുക:

'ഉള്ളിമരത്തിലിരുന്നിതു തിന്നിടിൽ

ഉള്ളിടത്തൊക്കെയും പാറിനടന്നിടാം. 

പഞ്ചേന്ദ്രിയങ്ങളാലല്ല, സഹസ്രമാ-

മിന്ദ്രിയങ്ങൾകൊണ്ടു ലോകങ്ങൾ കണ്ടിടാം.

ഉള്ളിയിലക്കറിയല്ലറിഞ്ഞീടുക!'

എന്റെ സഞ്ചാരപഥങ്ങള,ല്ലെന്നുടെ

വാഹനംതന്നെ, കണ്ടെത്തിയോനാരിവ-

നെന്നുചിന്തിച്ചുനിന്നീടവേ ചൊന്നവൻ:

'ഞാൻ കേരളത്തിൽനിന്നെത്തി,യാരെന്നു നീ

യാരാഞ്ഞിടേണ്ട, ഞാൻ ചൊല്ലില്ല, യെൻമൊഴി

കേട്ടു ഗ്രഹിച്ചു കണ്ടെത്തുകയൊക്കെയും!'

ആരുമാകട്ടെയവൻ, നമുക്കെന്തുകൊ-

ണ്ടാ മഹാനിങ്ങു വന്നെന്നറിഞ്ഞീടുവാൻ

ആകാംക്ഷയില്ലേ, വരൂ നമുക്കിത്തിരി

ക്രോസുചെയ്യാം, കേരളത്തിലെ വാർത്തകൾ

കേൾക്കുകയും കൂടിയാവാം മഹാബലി

മുൻകൊല്ലമങ്ങുചെന്നില്ലെന്നറിഞ്ഞു ഞാൻ!''

മാബലി ചൊന്നു: ''നാം രണ്ടുപേരും കൂടി-

യന്നുപോ,യിങ്ങു മടങ്ങിടും വേളയിൽ

ചൊന്നിരുന്നില്ലയോ ഞാൻ കേരളത്തിലൂ-

ടുള്ളൊരീ യാത്രയാം ശിക്ഷയെ, ന്നോർക്കുക:

ഞാനന്നു ചൊന്നതു ചുമ്മാതെയായിരു-

ന്നില്ല, ഞാൻ പോയില്ല മുൻവർഷ,മങ്ങോട്ടു

പോകുവാനേ കരുതുന്നതില്ലാ വരും-

വർഷവും, കാണുന്നതിൽപ്പരം സത്യങ്ങൾ

കേട്ടറിയുന്നതിലെന്നറിയുന്നു ഞാൻ!''

കേട്ടതേ നാരദൻ ചൊല്കയായ്: ''കേട്ടറി-

ഞ്ഞീടലാം നമ്മുടെ വൈദികപൈതൃകം 

കേൾക്കാം നമുക്കുള്ളിമാമരത്തിൻമോളി-

ലേറിയിരിക്കുന്നൊരീ സർവസാക്ഷിയോ-

ടങ്ങു ഭരിച്ചു തകർത്തു തകർന്നതാം

കേരളനാടിന്റെ വാർത്തകൾ, മാബലീ' 

ആരെന്നു ചൊല്ലാത്ത സ്‌നേഹിതാ, നീയറി-

ഞ്ഞീടണം നീയിരിക്കുന്നൊരുള്ളിത്തരു

നട്ട മഹാത്മനാം മാവേലിയെ, മല-

യാളക്കരയിലങ്ങേരു പോയിട്ടിതാ

വർഷങ്ങൾ രണ്ടാ,യവിടെയിന്നുള്ളതാം

വാർത്തകളെന്തൊക്കെ,യൊന്നു ചൊന്നീടുക.''

''ഹാ!ഹാ!! മഹാബലീ വന്ദനം!!! നിന്നോടു

ചൊല്ലാതിരിക്കുവാനാവില്ലയെന്റെ പേർ.

എമ്മെൻ വിജയനെന്നെന്റെ പേർ, ഭൂമിയിൽ

നിന്നിവിടെത്തിയിട്ടും കേരളത്തിൽനി-

ന്നെന്റെ കണ്ണിങ്ങോട്ടു പോന്നിടുന്നില്ല, ഞാൻ

പണ്ടു ദർശിച്ചവതന്നെയോ ഭൂമിയിൽ

വന്നു ഭവിപ്പതെന്നുള്ള ജിജ്ഞാസയാൽ

ഉള്ളിമരമിതിൻ മോളിലിരുന്നു ഞാൻ

നോക്കുന്നു, കാണുന്നു കേരളം, ഭൂമിയും;

വിശ്വവിശാലതയങ്ങു കാണുന്നു ഞാൻ!

കേരളം വിശ്വമോളം വിശാലം, വിശ്വ-

ഭാവങ്ങളെല്ലാമടക്കുന്ന ഹൃത്തടം. 

ഞാനറിയുന്നിതാ പശ്ചിമഘട്ടങ്ങ- 

ളേറിവളർന്നിടും നാടിതെന്നോതിയ

'പാലാ'യുമുണ്ടിവിടീ മരത്തിൻതണൽ-

പറ്റി നമുക്കവിടൊന്നൊത്തു കൂടിടാം.''

'' 'പാലായും പാതാളനാട്ടിലെന്നോ? പാപ-

മല്ലിങ്ങു മർത്യരെത്തള്ളുവാൻ കാരണ-

മെന്നറിയുന്നു ഞാ, നെങ്കിലും സ്വർഗമായ്

പാതാളവും മാറിടുന്നുവോയെന്നാണു

സംശയിക്കുന്നു ഞാൻ, പുണ്യങ്ങളുള്ളവർ 

കർമ്മബന്ധങ്ങൾ മുറുക്കിടും ലോകമാം 

സ്വർഗമെന്നങ്ങു ചെന്നീടവെ മാത്രമേ

മർത്യരറിഞ്ഞിടാറു,ള്ളിതാം വാസ്തവം!


മുൻവർഷം സ്വർഗലോകത്തിൽ വിശുദ്ധയായ്

പേരു രജിസ്റ്ററിൽപ്പെട്ടൊരൽഫോൻസാമ്മ

ഇപ്പോൾ ചുമന്നിടും ഭാരമോർത്തീടുകിൽ

പാതാളലോകമാം മുക്തിയേകുന്നിടം!'' 

''മാവേലിമന്നാ, നിനക്കറിയില്ല, തൻ 

കർമങ്ങൾ യേശുവിൻ കർമമെന്നാണവൾ 

കാണുന്ന,തങ്ങില്ലവൾക്കല്പവും കർതൃത്വ-

ബോധം, ഫലേച്ഛയും; ഭാര്യയാണങ്ങവൾ!''


''ആരാണു ചൊല്‌വത്?'' കേൾക്കും സ്വരം നിത്യ-

ചൈതന്യമാർന്നതാം: ''നിഷ്‌കാമകർമമാം

മുക്തിമാർഗം സ്വർഗലോകത്തിലാകിലു-

മുണ്ട്; ഞാൻ മുക്തിവെടിഞ്ഞിങ്ങു പോന്നവൻ!


ഭൂവിലെ ജീവിതത്തിൻ കൊതി തീർന്നിടാ-

താണു ഞാൻ മുക്തിപഥത്തിലേക്കോടിയ;-

തായതു തെറ്റി;യിപ്പാതാളനാട്ടിൽനി-

ന്നാഭൂവിലേക്കു തിരിച്ചുപോയീടുവാൻ

പാതകളുണ്ടെന്നറിഞ്ഞതുകൊണ്ടൊരു

ട്രാൻസ്ഫറും വാങ്ങിയാണിന്നിവിടെത്തി ഞാൻ!


പാതാളനാട്ടിലീ മാവേലിയല്ലാതെ 

നല്ലവരാരുമില്ലെന്നാണു ഭൂമിയി- 

ലന്നു വസിക്കവേയെൻ വിചാരം; വന്നു

കണ്ടുമുട്ടാൻ കഴിഞ്ഞീടുവോരൊക്കെയും 

ഉള്ളുതുറന്നവരായതാനന്ദമാം

ഉള്ളതു ചൊല്ലാ, മുറി ചിരിക്കട്ടിനി!!


ഉള്ളിമരത്തിന്റെ ചോട്ടിലിരിക്കുമെൻ

ചങ്ങാതിയോടൊരു ചോദ്യമു: ണ്ടെങ്ങനെ

കേരളത്തിൽ തൊഴിലാളിവർഗത്തിന്റെ 

സ്വേച്ഛാധിപത്യ?മങ്ങാരാണു നായകൻ?''


''നായകനെന്നൊരാളില്ലിന്നു, കേരള-

നാട്ടി,ലെല്ലാവരും നായകന്മാർ, മറ്റു

നായകന്മാരെപ്പൊറുപ്പിക്കുവാനൊരു

നായയും നായയുമെന്നപോൾതന്നെയീ

നായകന്മാർക്കുമാവുന്നതില്ലാകയാൽ

നായയിരിക്കും കസേരകൾ കേരളം!


ഒന്നോർക്കുകിൽ നല്ല കാര്യമല്ലേ? സ്വയം 

നായകനായി ജീവിച്ചിടൽ? ഭൂമിയിൽ

ഓരോ മനുഷ്യനും താൻതന്നെ തൻലോക-

നായകനാകേണ്ട ലോകമെന്നോർക്കണം.''


നിത്യചൈതന്യൻ പ്രതികരിപ്പൂ: ''സ്വന്ത-

മാത്മാവിനെപ്പരമാത്മാവിനല്ലാതെ

യാരും വിധേയമാക്കീടേണ്ടതില്ലെന്ന

തത്വം മറക്കവേ ഭൂമിയിൽ നാരകം!''

''നേരേമറിച്ചഖിലാണ്ഡമനന്തമാ-

ണായതിൽ മർത്യനോ നിസ്സാരനാം പുഴു-

വെന്നതും വാസ്തവമെന്നുമറന്നിടിൽ

മർത്യനമർത്യത നേടുവാനാവുമോ?''


കേട്ടതേ ചോദ്യമുയർ,ന്നരികത്തതാ

ഓ വി വിജയനും വീക്കേയെനും ചോദ്യ-

മാരുചോദിച്ചാലു മൊട്ടും നിസ്സാരമ-

ല്ലച്ചോദ്യ: മാരോ തുടർന്നിടും ചോദ്യമ-

തിങ്ങനെ നീളുന്നു: ''എന്താണമർത്യത? 

നമ്മൾ മരിച്ചാലു-മിങ്ങനെ പാതാള 

സ്വർഗാദി ലോകങ്ങ-ളുണ്ടെന്ന ബോധ്യമോ? 

ആ ലോകവാഴ്‌വിനുമപ്പുറം സച്ചിദാ-

നന്ദത്തിലേക്കലിഞ്ഞുണ്മയായ് മാറിയാ-

ലുള്ളതാം മുക്തിയോ?'' കേൾവിക്കാർ കൂടുന്നു.


നാരദനോ നയം വ്യക്തമാക്കീടുന്നു: 

''സർവം നിയോഗം നിയോഗാർഥമല്ലാതെ-

യുള്ളതാം ജീവിതം വ്യർഥ,മിങ്ങുള്ളതാം

ജീവിതം ഭൂവിലെ ജീവിതംപോലെയീ

ചോദ്യങ്ങളിൽപ്പെട്ടുഴന്നിടാനല്ല, നാം

സർവതും കണ്ടു ചിരിക്കുവാനീയിടം!

ചോദ്യമൊന്നേയിവിടു, ള്ളങ്ങു കേരള-

നാട്ടിലെ നായകളെങ്ങനെ? ചൊല്ലുക.''

ഉള്ളിമരത്തിലിരിക്കുവോൻ ചൊല്‌വതു

കേൾക്കുവാൻ കാതുകൂർപ്പിക്കയായ് സർവരും!

''സത്യം! മനുഷ്യരല്ലങ്ങുമങ്ങുള്ളതാം

വാദവിവാദങ്ങളിൽപ്പോലുമി, ന്നാകയാൽ

പട്ടിയെപ്പറ്റിയും പക്ഷിയെപ്പറ്റിയു-

മൊക്കെയാം ചർച്ച ചെയ്തീടേണ്ട,തോർക്കുകിൽ

മർത്യരിലേറെ മനുഷ്യത്വമുള്ളവർ

പട്ടിയും പക്ഷിയും, പന്നികൾ പോലുമാം!


മർത്യർ മൃഗീയത കണ്ടു പരസ്പരം 

പുച്ഛിച്ചു 'പട്ടീ' വിളിച്ചിടു,ന്നായതിൻ 

കാര്യം പരസ്യസംഭോഗികളാണവ-

യെന്നതാ, ണോർത്തു നാം, നോക്കണം, കാണണം:

ഇന്റർനെറ്റിൽ മർത്യർ തമ്മിൽ നടത്തിടും

ഭോഗവൈവിധ്യം - മൃഗീയത ഭേദമാം!


മർത്യർ മൃഗങ്ങളിൽ കണ്ടു പുച്ഛിച്ചതി-

ലെത്രയോ ഏറെയാം വൈകൃതദൃശ്യങ്ങൾ

മർത്യർ പരസ്പരം ചെയ്‌വതായിന്നവർ

കണ്ടു രസിപ്പൂ, മൃഗങ്ങളെങ്ങീവക?


ഒന്നോർത്തു നോക്കൂ, മൃഗങ്ങളിൽ നിന്നുമാം

മർത്യൻ പരിണമിച്ചങ്ങുളവായതെ-

ന്നാണവിടുള്ളവർ ചൊന്നിടുന്നി,ന്നതു

തെറ്റെന്നു കാണ്മു പാതാളത്തിൽ നില്പവർ

എത്രയോ ഭേദം മൃഗങ്ങൾ? മനുഷ്യത്വ-

മെന്തെന്നു നിർവചിച്ചീടണം നാമിനി!''


''ആകെയിങ്ങുള്ളോരറിവൊന്നു മാത്രമാം:

മാറ്റമില്ലാത്തതാമായറിവിൽ ലയി-

ച്ചീടുവാൻ മർത്യർക്കു മാത്രമേ പറ്റിടൂ!

മർത്യർക്കു മാത്രമമർത്യത നേടിടാം!!''


''ആരാണു പാതാളലോകത്തിലിങ്ങനെ 

വേദാന്തമോതുവാൻ വന്നുനില്ക്കുന്നവൻ?''


''ആരുമാകട്ടെ ഞാൻ, വ്യാസനോ കൃഷ്ണനോ

വാസ്തവമെന്നു ചോദിക്കേണ്ട, നിങ്ങളിൽ

നിങ്ങൾ കാണുന്നതിലേറെ യാഥാർഥ്യമാ-

യൊന്നുമില്ലെന്നറിഞ്ഞീടുക; ആകയാൽ

ലോകമാലോകനം ചെയ്യുമ്പൊഴുള്ളിലെ

ലോചനമാലോചനാർഥമെന്നോർക്കണം!''


''വേദാന്തമോതുവാനല്ല നാം പാതാള-

ലോകത്തിലെത്തിയ, തീവിധം ചിന്തിച്ചു 

പാതാളവും ഭൂമി പോലെയാക്കീടുവാൻ

വന്നവർ ഭൂമിയിലേക്കു പോയീടുക!''


ഈ വിധി കേൾക്കുവാൻ വന്നവനാണു ഞാൻ,

പോകുന്നു ഭൂമിയിലേക്കു ഞാൻ, ഭൂവിലെ

ജീവിതം പോലില്ല സ്വർഗത്തിലും രമ്യ-

ജീവിതം'' - നിത്യചൈതന്യൻ ഭൂവിലേക്കു പോയ്!


''നിത്യചൈതന്യൻ തിരിച്ചു പോകട്ടെ! ഞാൻ

ഭൂമിയിലേക്കു നോക്കുന്നു, കാണുന്നവ

ചൊല്ലിത്തരാം, സത്യനിഷ്ഠന്റെ വാക്കാണു 

ശ്രുതി, യിതിൽ മായയില്ലിതു കേട്ടു കാണുക:


-ഉള്ളിമരത്തിന്റെ മോളിലേക്കേറിയി-

ട്ടുള്ളതു ചൊല്ലിത്തരാൻ തുനിയുന്നതു

കുഞ്ഞുണ്ണി മാഷ്! തന്റെ പൊക്കമില്ലായ്മയാം

തൻപൊക്കമെന്നന്നു ചൊന്നതു മറന്നുവോ?


ഉള്ളിമരം, ഉള്ളിലുള്ള മരം, അതാ-

ണുള്ളതു കാണുവാനുള്ള മരം, അതാ

കേരളം കേരങ്ങൾ തന്നുയരത്തിലു-

മേറിയാണെൻനില, കാണുന്നു സർവതും!


ഞാനെന്ന ഭാവമില്ലാത്തതായാരുമി-

ല്ലങ്ങതാ കേരളത്തിൽ, നായ നായയെ

കണ്ടാൽ സഹിക്കയില്ലെന്ന ചൊല്ലിൻ പൊരുൾ

കണ്ടീടുവാനങ്ങു നോക്കിയാൽ കണ്ടിടാം!!

കേരളത്തിൽ വളരുന്നവരൊക്കെയും 

കേരമെന്നോണമാം, കേരളത്തിൽനിന്നു,

നേരു പറഞ്ഞാൽ, പുറത്തെത്തിയാൽ മാത്ര-

മാണല്ലൊ കേരളീയർ വളർന്നീടുക!

എത്രപേരങ്ങനെയുണ്ടു വളർന്നവർ?

ഇന്നുള്ള കേരളമക്കൾക്കു കേരളം

അന്യമായ്‌പ്പോയി, വളർന്നിടാനൂഴിയിൽ

വേരുകളില്ലവർക്കെന്നതാം കാരണം!


കേരളം വിട്ടു വളർന്നവർക്കുള്ളതാം

വേരിങ്ങു കേരളമണ്ണിൽ സഹസ്രാബ്ദ-

ടാരുത ചേർത്തതാം സംസ്‌കാരസംഗമ-

മാരിലും പോഷണം നല്കുന്നതല്ലയയോ?

ആരുണ്ടു സ്വന്തമാം 'പൈമാതൃകം' മറ-

ന്നാരബ്ധയൗവനവേളയിൽ ലഭ്യമാം

സംസ്‌കൃതി സ്വന്തമാക്കീടാൻ തുനിഞ്ഞവർ

സംസ്‌കൃതചിത്തരായ്ത്തീരുന്നു ഭൂമിയിൽ?''


''കുഞ്ഞുണ്ണി മാഷിനും ഭൂമിയിലേക്കുപോയ് 

ജന്മമൊന്നുംകൂടെടുക്കുവാനാഗ്രഹം

ഉണ്ടെന്നു കാണുന്നു, പൊയ്‌ക്കൊൾക'' ചൊല്‌വതാർ?

കാലനോ? മാവേലി കേരളനാടിന്റെ

വർത്തമാനങ്ങൾ ചൊന്നീടുവാൻ ആരിനി-

യുള്ളിമരത്തിന്റെ മോളിലെന്നോർക്കവെ

കാണുന്നു വീകെയെനുണ്ടു തുഞ്ചത്തതാ:

മാവേലി വീകെയെനോടു ചോദിക്കുന്നു:

''സത്യത്തിലിന്നുള്ള കേരളമെങ്ങനെ?

പണ്ടു ഞാൻ കേരളത്തിൽ ചെന്ന വേളയിൽ

മുള്ളുള്ളടക്കിയ കുഷ്യനിലച്ചുതൻ

ആനന്ദനല്ലാതിരിക്കുന്നതാണല്ലൊ

കണ്ട,തിന്നച്ചുതാനന്ദനങ്ങെങ്ങനെ?''

റ്''കുഷ്യനിൽനിന്നു പുറത്തെത്തി മുള്ളുകൾ

ചന്തിയിലേറിയിരിക്കയാണെങ്കിലും

ചുമ്മാതെയേറ്റു കൊടുത്താൽ വലത്തോട്ടു

ചേരേണ്ടി വന്നിടാം, രാഘവൻ ഗൗരിയും 

പണ്ടേ പഠിപ്പിച്ച പാഠങ്ങളങ്ങനെ-

യൊന്നും മറക്കുവാനാവില്ല, പാർട്ടിയെ-

നേർവഴിക്കെത്തിച്ചിടാനുള്ളിൽനിന്നുള്ള

പോരാട്ടമല്ലാതെ മാർഗമില്ലെന്നുള്ളതാം

അച്ചുതാനന്ദന്റെയീ നിലപാടിന്റെ-

യർഥം, മനസ്സിലാക്കീടേണ്ടതുണ്ടു നാം!''


''നേരിതാ, ണല്ലാതെ മനത്രിക്കസേരയിൽ

നിന്നിറങ്ങേണ്ടെന്നു പാർട്ടി വിധിച്ചതും

മന്ത്രിയായ് മൃത്യുവരിച്ചീടിലല്ലാതെ 

രക്തസാക്ഷിപ്പദം കിട്ടില്ലയെന്നതും

ഒന്നുമല്ലല്ലയീ വേദനയിൽ സ്വയം

ജീവിതം ഹോമിച്ചിടാനുള്ള പ്രേരണ!''


സ്വന്തമനുഭവപാഠങ്ങളിൽനിന്നു

തന്നെയാവും മൊഴിയുന്നു മാവേലി; തൻ

സപ്പോർട്ടുമായെഴുന്നേല്ക്കുന്നു നാരദൻ:

''ഉള്ളിമരത്തിളേറീടുവോർക്കാവുകി-

ല്ലുള്ളതു ചൊല്ലാതിരിക്കുവാ,നുള്ളിലെ

പൊള്ളലാലാം നുണയും ചൊന്നു പോവുക!

ചുമ്മാതെയേറ്റുകൊടുക്കയില്ലെന്നതാം

ഇന്നുമങ്ങേരുടെ ശക്തവും വ്യക്തവു-

മായ നില, നിലപാടു പാടുള്ളതെ-

ന്നാണു കാണുന്നു ഞാൻ - യാഥാർഥ്യമിങ്ങനെ!''


''ശരി മുഖ്യമന്ത്രിക്കു മാറ്റമില്ലാ, പാർട്ടി-

യതു ബൂർഷ്വയെത്തകർക്കാൻ സ്വീകരിച്ചിടും

നയമതിലുമഴിമതിവിരുദ്ധതയിലും നിന്നു-

മണുവിട തിരിച്ചുപോകില്ലെന്നുമുള്ളൊരാ

വാദഗതി ഗതികെട്ട നിലയെന്നുകൂടി ഞാൻ

കാണുന്നു'' - ചൊല്ലുന്നതജ്ഞാതനാമൊരാൾ:

''നുണകളിലൊളിപ്പിച്ച സത്യങ്ങൾ കാണുവാൻ

തിരുമിഴികളുള്ളവർക്കായെന്റെ വന്ദനം!

തൊഴിലാളി മുതലാളിയാകുവാനുള്ളവൻ, 

മുതലാളി തൊഴിലാളിയാകുവാനും! ദ്വന്ദ-

നിയമമിങ്ങനെയെന്നതറിയുവോരെങ്ങനെ

പിണറായ പിണറായിയോടെതിർ നിന്നിടും?


അറിയണം: ചോരച്ചൊരിച്ചിൽ കൂടാതെയീ

മലയാളമണ്ണിലേ തൊഴിലാളിവർഗത്തി-

നൊരു ഭരണമു,ള്ളതു വളർന്നു വന്നീടവെ

തൊഴിലാളിപ്പാർട്ടിയും മുതലാളുമോർക്കണം.

അതിനാണു ഭരണമി, ന്നതിലൂടെ കിട്ടുന്ന

കമ്മീഷനാണിന്നു വിപ്ലവത്തിന്നുള്ള

മൂലധന, മതു നല്കിടുന്നവർ തകരുമെ-

ന്നറിയുവാൻ പാഴൂർ പടിപ്പുരെ പോകണോ?


ഇവയൊക്കെയാദ്യമായ് സംഭവിച്ചീടുന്ന

വലിയൊരു പരീക്ഷണശാലയാം കേരളം!

ഇതു വേണ്ടപോൽ ഗ്രഹിക്കാതിരുന്നീടുകിൽ

അധികമൊന്നും വൈകാതെയൊരു വാമനൻ

അച്യുതാനന്ദനെയുമിങ്ങോട്ടയച്ചിടും.

ഇവിടെത്തിയാലിവിടെയുള്ള ഭരണം പിടി-

ച്ചിടുവാനൊരായുധം കൈയിലുള്ളോനവൻ!


15 മാർച്ച്, 2021

ഉത്തരംകിട്ടാത്ത ചോദ്യം

 

പണ്ടു പണ്ടു കരംപിരിക്കാനൊരാൾ

കണ്ട കാരണോർ ചോദിച്ചി ‘‘തെന്തിനാം?’’

‘‘ഇങ്ങു ഞങ്ങൾ കരംപിരിച്ചീടിലേ

ഇന്നു ഞങ്ങൾക്കു ശമ്പളം കിട്ടിടൂ!’’

 

‘‘ഞങ്ങളിപ്പോൾ കരംവാങ്ങുവാനിനി

നിങ്ങളേവേണ്ടയെന്നു വച്ചീടുകിൽ

എന്തു പറ്റു? മീ ശമ്പളം വാങ്ങുവോർ

ചന്തയിൽ വേണ്ടതുണ്ടോ വിശേഷമായ്?’’

 

കാരണോരുടെ ചോദ്യത്തിനുത്തരം

ആരുമേ പറഞ്ഞില്ലയിന്നേവരെ!

30 ഡിസംബർ, 2020

നാരദൻ - ക്രിസ്തുമസ് പാപ്പ!

 

നാടോടിയായൊരു നാരദൻ ചൊല്ലുന്ന

'നാരായണ നമഃ' കേട്ടാണു ക്രിസ്തുമസ്

നാൾ രാത്രി മാവേലി ഞെട്ടിയുണർന്നതും

നാരദൻ ക്രിസ്തുമസ് പാപ്പയായ് ചെന്നതും!

 

നാരദവേഷമല്ലെങ്കിലും മാവേലി

നാരദശബ്ദം തിരിച്ചറിഞ്ഞിങ്ങനെ

ചോദിക്കയായ്: ‘പ്രിയ നാരദാ ക്രിസ്തുമസ്

പാപ്പയായിങ്ങെത്തിടാനെന്തു കാരണം?

 

ഓണത്തിനീ വർഷമായില്ലെനെനിക്കെന്റെ

കേരളനാട്ടിലെത്തീടാൻ കൊറോണതൻ

താണ്ഡവമെങ്ങനെയിന്നവിടെന്നൊന്നു

ചൊന്നിടാനാവുമോ നാരദാ ചൊല്ലുക:’

 

ഞാനോണനാളിലും കേരളത്തിൽ ചെന്നു

ഡോക്ടറന്മാർ ധരിക്കുന്ന വേഷങ്ങളി-

ലൊന്നെടുത്തന്നണി,ഞ്ഞാവേഷമാണിത്!

അന്നുതൊട്ടെൻ വേഷമിങ്ങനെയാണെടോ?

 

സത്യം പറഞ്ഞിടാം: ഭൂമിയിൽ മാനുഷ-

രേവരുമീ മുഖംമൂടിയണിഞ്ഞാണു

ജീവിച്ചിടുന്ന,തൊന്നോർത്താൽ മുഖംമൂടി-

യില്ലാത്ത മർത്യരെ കണ്ടിരുന്നില്ല ഞാൻ!

 

'നേരാണു നാരദാ, നേരറിഞ്ഞീടുവാൻ

കേരളത്തിൽ ചെന്നിടുംവേളയെത്രയോ

നേരം തിരഞ്ഞു ഞാൻ നേരുചൊല്ലുന്നൊരു

കേരളക്കാരനെ കണ്ടതില്ലിത്രനാൾ!’

 

നേരുകൾ ചൊല്ലുവാനാണല്ലൊ നാരദ-

നായ ഞാൻ നാടോടി നിന്മുന്നിലെത്തുന്നു:

 

നീയെന്റെ നേരറിയുന്നവൻ, കേൾക്കുക:

നേരറിഞ്ഞാലും നുണയ്ക്കു വോട്ടേകിടും

കേരളീയർ - കേരളത്തിൽ ജയിക്കുവോർ

നേരുമറച്ചു ചിരിക്കുവോർ മാത്രമാം!

 

കേരളത്തിൽ കിഴക്കമ്പലമെന്നൊരു

നാടുണ്ടവിടെ ഞാൻ പോയിരുന്നീയിടെ!

 

അങ്ങൊരു കമ്പനിയുണ്ടവർ നാടതു

സ്വന്തമായ് കണ്ടു ഭരിച്ചിടുന്നാകയാൽ

അഞ്ചുവർഷം കൊണ്ടു ചുറ്റിലുമുള്ളതാം

നാലു പഞ്ചായത്തുകൂടി ജയിച്ചതേ

നേരുകൊണ്ടാരെങ്കിലും ജയം നേടിയ-

കേരളവാർത്തയായ് ചൊല്ലുവാനുള്ളെടോ!

 

കോടികൾ ലാഭമുണ്ടാക്കുന്ന കമ്പനി

നാടുപിടിക്കുന്നതേറ്റമധർമമെ-

ന്നാണതു കണ്ടറിയുന്നതാം രാഷ്ട്രീയ-

മർമജ്ഞർ ചൊല്ലുന്ന, തെന്തു ഞാൻ ചൊല്ലണം? 

 

ലാഭമുണ്ടാക്കുവോർ ലാഭത്തിനംശമീ

നാടിന്റെ നന്മയ്ക്കു നല്കണമെന്നൊരു

നിയമമീ ഭാരതനാട്ടിലുണ്ടതുകൊണ്ടു

സ്വന്തമാം ദേശത്തു നന്മചെയ്താണിവർ

കക്ഷിരാഷ്ട്രീയക്കളിക്കൊക്കെയും മരു-

ന്നെന്തെന്നു കണ്ടു വളർന്നിടുന്നിങ്ങനെ!

 

09 ജനുവരി, 2015

ദൈവസഹായചരിതം ഓട്ടന്‍തുള്ളല്‍


വിശുദ്ധ നീലകണ്ഠപിള്ള അഥവാ വിശുദ്ധ ദൈവസഹായം പിള്ള എന്ന പോസ്റ്റിനോടും പ്രതികരണങ്ങളോടുമുള്ള എന്റെ പ്രതികരണം ഇപ്പോള് കൂടുതല് പ്രസക്തം ആയി തോന്നുന്നു.  


ഈരേഴുലോകവും ചുറ്റിനടക്കുന്ന
 

നാരദന്‍ വിശ്രമിക്കുന്നതു പാതാള- 
നാട്ടിലാം, കാരണം മാവേലിയെപ്പോലെ- 
യാരുമില്ലെങ്ങും നുണപ്പൊരുളുണ്ണുവോന്‍!

നേരു നുണയ്ക്കുള്ളിലുണ്ടെന്നറിഞ്ഞാണു
മാവേലി നാരദയാത്രാ വിശേഷങ്ങള്‍
കേള്‍പ്പതെന്നുള്ളറിവാലെയാം വിശ്രാന്തി 
നാരദനങ്ങു ലഭിപ്പതു നിത്യവും!

ഇന്നു പാതാളത്തിലെത്തുന്നതിന്‍ മുമ്പു
നാരദന്‍ പോയതു സ്വര്‍ഗത്തിലാം, സ്വര്‍ഗ-
വാര്‍ത്തകള്‍ കേള്‍ക്കുവാന്‍ മാവേലി കൗതുകം
പൂണ്ടിരുന്നീടവെ ചൊല്കയായ് നാരദന്‍:

''കേരളം കീഴടക്കീടുവാന്‍ ഡച്ചുകാര്‍
രാജാവിനോടു കരാരുറപ്പിച്ചോരു
കാലത്തു രാജന്റെ വിശ്വസ്തസേവകന്‍
നീലകണ്ഠപ്പിള്ള ക്രൈസ്തവനായിപോല്‍!

സ്വര്‍ഗാധിരാജനാം യേശുവിന്‍ സേവയാം
ഡച്ചുകാര്‍ ചെയ്യുന്നതെന്നും അവര്‍ക്കുതന്‍
സേവ ചെയ്തീടിലേ സ്വര്‍ഗസ്ഥനാകുവാ-
നാകയുള്ളെന്നുമറിഞ്ഞതാം കാരണം.

ബോധ്യത്തിനൊത്തു പ്രവര്‍ത്തിച്ചതേയുള്ളു
രാജാവു കോപിച്ചു, പീഡനമായി പോല്‍!!
അങ്ങനെ രക്തം ചൊരിഞ്ഞുമരിച്ചതാം
ആ രക്തസാക്ഷി വിശുദ്ധനാണെന്നൊരു
പ്രഖ്യാപനം ചെയ്തു മാര്‍പ്പാപ്പയിന്നലെ!
സ്വര്‍ഗത്തിലും വിവാദം കണ്ടതിന്നലെ!!

കേരളം നീതിപൂര്‍വം ഭരിച്ചെന്നതിന്‍
പേരിലാ സ്വര്‍ഗത്തിലെത്തിയ കേരള
രാജനു തന്‍ശിക്ഷയേറ്റവന്‍ തന്നുടെ
കൂടെ സ്വര്‍ഗത്തിലും വാഴുന്നതില്‍ നീതി-
കേടുള്ളതായ്‌ത്തോന്നി, വാക്കൗട്ടു ചെയ്യവെ
മാര്‍പ്പാപ്പ ചെയ്തതില്‍ തെറ്റുവന്നീടുമോ
എന്നൊരാള്‍ ചോദിച്ചു, സ്വര്‍ഗത്തിലാകവെ
സംഭ്രാന്തിയാണെന്നു കണ്ടിങ്ങു പോന്നു ഞാന്‍!''

മാവേലി ചോദിച്ചു: ''നാരദാ നീ കണ്ട
സ്വര്‍ഗമോ നാം ശാന്തി നേടുന്ന പാതാള-
ലോകമോ ഏതാണു നിന്‍ ദൃഷ്ടിയില്‍ സ്വര്‍ഗ?''-
മെന്തുത്തരം ചൊന്നിരിക്കണം നാരദന്‍?

05 ജൂൺ, 2013

മലാസനര്‍ -- ഒരു അഭിമുഖകവിത 10-05-2013

കുഞ്ചന്‍ നമ്പിയാര്‍ : 
''കുഞ്ചനാണു, ഫിലിം വേള്‍ഡിലുള്ളൊരു
കുഞ്ചന, ല്ലമ്പലപ്പുഴപ്പായസം 
സ്വന്ത ജീവിതമാധുര്യമാക്കിയീ
ചന്തയില്‍ വിറ്റ നമ്പിയാരാണു ഞാന്‍ .

എന്നെയിന്നറിയുന്നവരെത്തിര-
ഞ്ഞിന്നു ഞാനലഞ്ഞീടവെ എന്നടു-
ത്തെത്തി പാലായനന്‍ - കവിയാണു പോല്‍ !
ഞങ്ങള്‍ തമ്മിലഭിമുഖമിങ്ങനെ:''


പാലായനന്‍ :
''ഇന്നു കേരളമണ്ണില്‍പ്പിറന്നിടില്‍
അങ്ങു തുള്ളുമോ?'' 


കുഞ്ചന്‍ നമ്പിയാര്‍ : 
കേട്ടതേ ചൊന്നു ഞാന്‍ : 
''ഇങ്ങുലോകത്തിലെന്തെന്തു മാറ്റമെ-
ന്നൊന്നു ഞാന്‍ പഠിക്കട്ടെ, ഞാന്‍ തുള്ളിയാല്‍
ഒട്ടുമാറിനിന്നലപം ചിരിക്കുവാന്‍ 
പറ്റുമോ മലയാളികള്‍ക്കിപ്പൊഴും?'' 


പാലായനന്‍ :
''കേരളം മാറിയെന്നതില്‍ സംശയം 
തീരെവേണ്ട, യങ്ങെങ്ങനെ ഞങ്ങളെ 
കണ്ടിടുന്നെന്നു ചൊല്ലുമോ, കേള്‍ക്കുവാന്‍
ഉണ്ടു ഞാന്‍ , ചിരിക്കാന്‍ പഠിക്കുന്നൊരാള്‍ !''


കുഞ്ചന്‍ നമ്പിയാര്‍ : 
''നിങ്ങളും ഞാനുമല്ല,യീ ലോകമാം
നമ്മെയെന്നും ചിരിപ്പിച്ചിടേ, ണ്ടതാ- 
ലോകമെങ്ങനെയിന്നെന്നു കാണുവാന്‍ 
കണ്ണെനിക്കില്ല, നീയെന്റെ സഞ്ജയന്‍ .

കണ്ണെനിക്കില്ല, യെങ്കിലും നിര്‍മ്മമന്‍
ഞാ, നെനിക്കില്ല, സ്വാര്‍ഥമോ ഭീതിയോ.
ഞാന്‍ ധൃതരാഷ്ടര,ല്ലെന്റെയുള്ളിലു-
ണ്ടിപ്പൊഴും കാഴ്ചയെന്നറിഞ്ഞോതുക.''


പാലായനന്‍ :
''എന്തു ചൊല്ലണം? കേരളം ചേറള-
മെന്നു ചൊല്ലാ, മതില്‍പ്പരമെന്തു ഞാന്‍
ചൊല്ലണം, ചേറിലാണ്ടു പോകുന്നൊരീ
കേരളീയര്‍ക്കു രക്ഷയുണ്ടോ ഗുരോ?''


കുഞ്ചന്‍ നമ്പിയാര്‍ : 
''ചേറിനെന്തേ കുഴപ്പ, മീ നെല്ലിനും
താമരയ്ക്കും വളം ചേറിലല്ലയോ?
ചേറിലെന്നും കുളിച്ചിടും കുട്ടികള്‍ -
ക്കെത്ര ചൈതന്യമെന്നറിയുന്നു ഞാന്‍ .''


പാലായനന്‍ : 
''ചേറു വൃത്തികേടെന്ന പാഠത്തിലാം
ചേറു ഞാന്‍ കാണ്മ, തങ്ങറിഞ്ഞീടുക
ചേറിതില്‍ക്കുളിച്ചീടുവോര്‍ക്കെങ്ങനെ 
ചോറു നല്കുന്ന നെല്‍ക്കൃഷിയായിടും?''


കുഞ്ചന്‍ നമ്പിയാര്‍ : 
''ഏറെ വൃത്തിയുള്ളോര്‍ക്കുമീ ഭൂമിയില്‍
തൂറിടാതെ ജീവിക്കുവാനാകുമോ?
തൂറിയാല്‍ ചമതിക്കുവാനും വൃത്തി-
യേറിയോരീ മലാസന
ര്‍ക്കാകുമോ?''

പാലായനന്‍ :
''കേരളം ചേറളംതന്നെ, ഞങ്ങളോ
അങ്ങുചൊന്ന 
മലാസനര്‍തന്നെ, യീ
ഞങ്ങളെത്തിരിച്ചിങ്ങറിഞ്ഞീടുവാന്‍ , 
ഇസ്തിരിയിട്ട വസ്ത്രവും പൗഡറും!''